Tuesday 24 August 2010

മൊയ്തുവിന്റെയും ഷൌക്കത്തിന്റെയും യാത്രകള്‍

സമതലങ്ങളിലൂടെയും വനാന്തരങ്ങളിലൂടെയും ഒഴുകുന്ന നദീ പ്രവാഹം പോലെ ചലനാത്മകമായിരുന്നു ആദിമ മനുഷ്യന്റെ ജീവിതവും.പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി അവന്‍ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് നിരന്തരം സഞ്ചരിച്ചു.കാര്‍ഷിക വൃത്തിയിലേര്‍പ്പെടാന്‍ തുടങ്ങിയതോടെയാണ് മനുഷ്യന്‍ കുടികെട്ടിപ്പാര്‍ക്കാന്‍ തുടങ്ങിയതെന്ന് നരവംശ ശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു.അതോടെ അവന്റെ ജീവിതം തടാകത്തിലെ വെള്ളം പോലെ നിശ്ചലമായി, അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ സഞ്ചാര പഥങ്ങള്‍ അവനന്യമായി.എന്നാലും പൂര്‍വ്വികരുടെ മഹായാനങ്ങളുടെ സ്മൃതികള്‍ പിന്‍ഗാമികളുടെ ചിന്തകളില്‍ ചുര മാന്തി.ചിലരൊക്കെ പുറപ്പെട്ടു പോയി.അന്യമായ സമതലങ്ങളും വനാന്തരങ്ങളും സമുദ്രങ്ങളും തേടി സാഹസികതയുടെ ചിറകിലേറി അവര്‍ വിവിധ ദേശങ്ങളിലൂടെ ഒഴുകിപ്പരന്നു.സമുദ്രങ്ങളുടെ അപാരതകളെ മുറിച്ചു കടന്നു, മലമടക്കുകളില്‍ ചൂളം കുത്തുന്ന കാറ്റിനൊപ്പം സഞ്ചരിച്ചു. മനുഷ്യ പ്രകൃതിയുടെ ഒരിക്കലും ശമിക്കാത്ത അന്വേഷണ തൃഷ്ണയാല്‍ പ്രചോദിതരായി അവര്‍ നടത്തിയ യാത്രകള്‍ മനുഷ്യന്റെ ജൈവികമായ തേട്ടങ്ങളുടെ പൂര്‍ത്തീകരണം തന്നെയായിരുന്നു.എഴുത്ത് വിദ്യ വശമായത്തോടെ സഞ്ചാരികള്‍ അവരുടെ യാത്രാനുഭവങ്ങള്‍ കുറിച്ച് വെക്കാന്‍ തുടങ്ങി.അച്ചടി വിദ്യ വ്യാപകമായതോടെ സാഹസികരായ സഞ്ചാരികളുടെ ഉദ്വേഗ ജനകങ്ങളായ യാത്രാനുഭവങ്ങള്‍ വിവിധ ഭാഷകളിലൂടെ ലോകത്തെങ്ങും പ്രചാരത്തിലുമായി.അങ്ങനെ ലക്ഷക്കണക്കിനു വായനക്കാര്‍ അവര്‍ക്ക് അജ്ഞാതമായ വീഥികളില്‍ അക്ഷരങ്ങളുടെ അരികു പറ്റി ഒറ്റപ്പെട്ട സഞ്ചാരികളുടെ സഹയാത്രികരായി.ഹൃദ്യവും ആകര്‍ഷകവുമായ യാത്രാ വിവരണ ഗ്രന്ഥങ്ങളില്‍ യാത്രികന്റെ ഹൃദയമിടിപ്പും സഹൃദയനായ വായനക്കാരന്റെ ഹൃദയമിടിപ്പും ഒരേ താളത്തിലായി. അജ്ഞാതമായ വഴികളിലെ അനിശ്ചിതത്വങ്ങളെ പ്രണയിക്കുന്ന മനുഷ്യരുടെ ജനുസ്സ് ഏതെങ്കിലും നിശ്ചിത കാലത്തോ ദേശത്തോ പരിമിതമല്ല.അജ്ഞാതമായ വഴിത്താരകളെ സ്വപ്നം കാണുന്നവര്‍ നമുക്കിടയിലുമുണ്ട്. കേവല വിനോദത്തിനായി തികച്ചും സുരക്ഷിതമായ വഴികളിലൂടെ ആഡംബര പൂര്‍വ്വം യാത്ര ചെയ്യുന്നവരില്‍ നിന്നും വ്യത്യസ്തരാണിവര്‍.അജ്ഞാതമായ ഏതോ ഉള്‍വിളിയാല്‍ പ്രചോദിതരും പ്രലോഭിതരുമായി പരിവ്രാജകന്മാരെപ്പോലെ ഇറങ്ങിപ്പുറപ്പെട്ട രണ്ടു സുഹൃത്തുക്കള്‍ - മൊയ്തുവും ഷൌക്കത്തും.വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ദേശങ്ങളിലൂടെയാണ് അവര്‍ അലഞ്ഞു നടന്നത്.ഒരാള്‍ അമ്മിഞ്ഞപ്പാലിന്റെ പിന്‍വിളിയില്‍ അലച്ചിലവസാനിപ്പിച്ചു കൂടണഞ്ഞപ്പോള്‍ മറ്റേ ആള്‍ ഒരവധൂതനെപ്പോലെ വര്‍ത്തമാനത്തിന്റെ അനാസക്തിയില്‍ പുതിയ വഴിത്താരകള്‍ തേടുന്നു.അവരെ പരിചയപ്പെടുത്തുന്ന,പരിചയപ്പെടാനിടയായതിനെക്കുറിച്ചുള്ള ചെറിയൊരു കുറിപ്പാണിത്.

പി.എന്‍.ദാസ് എഡിറ്റ്‌ ചെയ്യുന്ന വൈദ്യശാസ്ത്രം മാസികയുടെ ചില ലക്കങ്ങളില്‍ ഷൌക്കത്ത് എന്നോരാളുടെതായി ചില കുറിപ്പുകള്‍ മുന്‍പ് കണ്ടിരുന്നു.പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വാരികകളുടെ പുസ്തക പരിചയ പംക്തികളില്‍ 'ഹിമാലയം - യാത്രകളുടെ ഒരു പുസ്തകം' എന്ന പുസ്തകത്തെക്കുറിച്ച് വായിക്കുന്നത്. ഷൌക്കത്താണ് രചയിതാവ്. പുസ്തകത്തിന്റെ തലക്കെട്ടില്‍ തന്നെ ആകര്‍ഷിക്കപ്പെട്ടു തുടര്‍ന്ന് വന്ന അവധിക്കാലത്ത്‌ പുസ്തകം തേടിപ്പിടിച്ചു. ആമുഖക്കുറിപ്പില്‍ നിന്ന് ഷൌക്കത്ത്,ഗുരു നിത്യ ചൈതന്യ യതിയുടെ ശിഷ്യനായി ഏറെക്കാലം ഊട്ടിയിലെ (ഫേണ്‍ഹില്‍) ഗുരുകുലത്തില്‍ താമസിച്ചിട്ടുണ്ടെന്ന് മനസ്സിലായി. ഈ കുറിപ്പുകാരനും ഒരു മാസക്കാലം യതിയുടെ കൂടെ ആശ്രമത്തില്‍ താമസിച്ചിട്ടുണ്ട്.ആ ബന്ധം വെച്ച് പുസ്തകത്തില്‍ കണ്ട നമ്പറില്‍ ഞാന്‍ ഷൌക്കത്തിനെ വിളിച്ചു. നേരില്‍ കാണണമെന്ന് ഇരുവരും ആഗ്രഹിച്ചു. കോയമ്പത്തൂരില്‍ കാരമട എന്ന സ്ഥലത്താണ് ഷൌക്കത്തിന്റെ താമസം. ഒരാഴ്ച കഴിഞ്ഞു ഷൌക്കത്ത് വിളിച്ചു.തിരൂരിലുള്ള സുഹൃത്ത്‌ കരീം മാഷിന്റെ വീട്ടില്‍ അടുത്ത ആഴ്ച എത്തുന്നു എന്നറിയിച്ചു.ഇതിനകം ഷൌക്കത്തിന്റെ പുസ്തകത്തിന്‌ കേരള സാഹിത്യ അക്കാദമിയുടെ മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.പിറ്റേ ഞായറാഴ്ച എഴുത്തുകാരന്‍ എം.എ.കാരപ്പഞ്ചേരിയും ഞാനും അതിരാവിലെത്തന്നെ കരീം മാഷിന്റെ വീട്ടിലെത്തി. ഷൌക്കത്ത് തലേ ദിവസം തന്നെ അവിടെ എത്തിയിട്ടുണ്ട്. ഇടതൂര്‍ന്ന താടിയും തേജസ്സുള്ള മുഖവുമായി ഒരു ചെറുപ്പക്കാരന്‍. പുഞ്ചിരിച്ചു കൊണ്ടും ഇത്ര പെട്ടെന്ന് നേരില്‍ കണ്ടതില്‍ സന്തോഷമറിയിച്ചു കൊണ്ടും ഷൌക്കത്ത് ഞങ്ങളെ വരവേറ്റു. ഏറെ വൈകാതെ മാധ്യമത്തിലെ കാര്‍ടൂനിസ്റ്റ് വേണുവെത്തി, തുഞ്ചന്‍ കോളേജിലെ അദ്ധ്യാപകന്‍ അജിത്തും ഭാര്യയുമെത്തി,കൂടാതെ ഏതാനും സഹൃദയരും.ഞങ്ങളുടെ സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തിനു വഴങ്ങി ഷൌക്കത്ത് തന്റെ യാത്രാനുഭവങ്ങള്‍ ഞങ്ങളുടെ ചെറിയ സദസ്സിനു മുന്‍പില്‍ സൌമ്യമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ തുടങ്ങി. കരീം മാഷിന്റെ ഭാര്യ തയ്യാറാക്കിയ സുഭിക്ഷമായ ഉച്ചയൂണിനും ശേഷവും തുടര്‍ന്ന അന്നത്തെ കൂട്ടായ്മ അന്നത്തെ സായാഹ്നത്തിലേക്ക് നീണ്ടു.

ഷൌക്കത്ത് വിവിധ സമയങ്ങളിലായി ഹിമാലയത്തിലേക്ക് നടത്തിയ സഞ്ചാരങ്ങളുടെ വിവരണങ്ങളാണ് 'ഹിമാലയം- യാത്രകളുടെ ഒരു പുസ്തകം'. മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച പാതകളിലൂടെയല്ല ഷൌക്കത്തിന്റെ യാത്രകള്‍.ചില നിമിത്തങ്ങളിലൂടെ അത് വളര്‍ന്നു മുന്നേറുകയാണ്.കേവലമായ വഴിയോരക്കാഴ്ചകളില്‍ അഭിരമിക്കുന്ന ഒരലസ സഞ്ചാരിയുടെ കണ്ണടകള്‍ ഷൌക്കത്തിനു ചേരില്ല . ഷൌക്കത്തിന്റെ പുസ്തകത്തില്‍ കാഴ്ചകളുടെ ഏകതാനമായ വിവരണ രീതിയും നാം കാണുന്നില്ല.യാത്രയില്‍ അവിചാരിതമായി കണ്ടു മുട്ടുന്ന വ്യക്തികളുമായി നിരന്തരം സംവാദങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് ഷൌക്കത്ത്.തത്ത്വ ചിന്തയുടെ ബൌദ്ധിക രസം ചേര്‍ത്തുള്ള ഷൌക്കത്തിന്റെ വിവരണ രീതി ഏറെ ആകര്‍ഷകമാണ്.തൃശൂരിലെ മലയാള പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പുസ്തകത്തിന്റെ ഒട്ടേറെ പതിപ്പുകള്‍ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്.

                                        **********        *****       ***********

മലപ്പുറം ജില്ലയിലെ കിഴിശേരിക്കാരനായ ഇല്ലിയന്‍ മൊയ്തുവിന്റെ ശിരോ ലിഖിതങ്ങളില്‍ ചെറു പ്രായത്തില്‍ തന്നെ രാജ്യാതിര്‍ത്തികള്‍ താണ്ടാനുള്ള നിയതി നിയോഗം രേഖപ്പെട്ടു കിടപ്പുണ്ടാവണം. യൌവ്വനത്തിന്റെ ആരംഭ ദശയില്‍ പത്തിലധികം അതിര്‍ത്തികളാണ് പാസ്സ്പോര്‍ടോ വിസയോ ഇല്ലാതെ മൊയ്തു മുറിച്ചു കടന്നത്‌.ആരെയും അതിശയിപ്പിക്കുന്ന അനുഭവങ്ങള്‍ക്കുടമയാണ് മൊയ്തു.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ജിദ്ദയിലെ ബവാദിയില്‍ വെച്ച് മൊയ്തുവിനെ പരിചയപ്പെടുന്നത് തികച്ചും യാദൃശ്ചികമായാണ്.ലോക സഞ്ചാരം അവസാനിപ്പിച്ചു ഗൃഹസ്ഥാശ്രമം വരിച്ച മൊയ്തു കുടുംബത്തിന്റെ ജീവ സന്ധാരണത്തിന് വേണ്ടി ഉംറ വിസയില്‍ ജിദ്ദയിലെത്തിയതായിരുന്നു. ഒരു സൌദിയുടെ ഔദാര്യത്തില്‍ അയാളുടെ ഓഫീസില്‍ 'ബോയ്‌'ആയി ചെറിയൊരു പണി കിട്ടി മൊയ്തുവിനു.വലിയ ശമ്പളമില്ലെങ്കിലും സ്വസ്ഥവും സ്വതന്ത്രവുമായ ജോലി. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഞങ്ങളുടെ സൗഹൃദം വളര്‍ന്നു പുഷ്പിച്ചു. പിന്നീട് ഏതാനും മാസങ്ങള്‍ ഞാന്‍ മൊയ്തുവിന്റെ താമസ സ്ഥലത്തെ നിത്യ സന്ദര്‍ശകനായിരുന്നു.

വ്യാഴാഴ്ചകളില്‍ രാത്രി മൊയ്തുവിന്റെ വിളി വരും.വെള്ളിയാഴ്ച രാവിലെയുള്ള എന്റെ സന്ദര്‍ശനത്തെ ഓര്‍മ്മിപ്പിക്കാനാണ്‌ വിളി. ഓഫീസിനോടനുബന്ധിച്ചുള്ള കൊച്ചു മുറിയില്‍ ഞങ്ങള്‍ ജുമുഅക്ക് സമയമാകുന്നത് വരെ സല്ലപിച്ചിരിക്കും.യാത്രയിലെ വിചിത്രമായ പല അനുഭവങ്ങളും മൊയ്തു എനിക്ക് വേണ്ടി ഓര്‍മ്മിച്ചെടുക്കും. വിവരണത്തില്‍ ധൃതിപ്പെട്ടു മുന്നേറാനനുവദിക്കാതെ ഒരു പാട് ഉപ ചോദ്യങ്ങളുമായി ഞാന്‍ മൊയ്തുവിന്റെ യാത്രാവഴികളെ തടസ്സപ്പെടുത്തും. അവിശ്വസനീയമായ ചില സംഭവ വിവരണങ്ങളെ കരുണയെതുമില്ലാതെ ചോദ്യം ചെയ്യും. സംഭവങ്ങളുടെ യുക്തിസഹമായ ചരടുകളെ പരസ്പരം ബന്ധിപ്പിച്ചു സംഗതിയുടെ സംഭവ്യത ഏറെ സാഹസപ്പെടാതെ തന്നെ മൊയ്തു എന്നെ ബോധ്യപ്പെടുത്തും.ശാന്ത പ്രകൃതനായ മൊയ്തുവിനു തന്റെ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ ആയിരം നാവാണ്. ആയിരത്തൊന്നു രാവുകളിലെ കഥകളുടെ വിസ്മയത്തുമ്പില്‍ ഊയലാടുന്ന കൊച്ചു കുട്ടിയെപ്പോലെ ഞാന്‍ മൊയ്തുവിന്റെ കണ്ണുകളില്‍ തന്നെ നോക്കിയിരിക്കും.ആയിരത്തൊന്നു രാവുകളിലെ കഥകള്‍ക്ക് പശ്ചാത്തലമായ മണ്ണില്‍ കൂടി തന്നെയാണല്ലോ മൊയ്തു കൂടുതലും യാത്ര ചെയ്തിട്ടുള്ളതും.

കൌമാരം പിന്നിടുന്ന പ്രായത്തില്‍ ഒരു സായം സന്ധ്യയിലാണ് പുറപ്പെട്ടു പോകാനുള്ള ഉള്‍വിളി മൊയ്തുവിനെ പ്രലോഭിപ്പിച്ചത്. മൊയ്തു നേരെ ഡല്‍ഹിയിലേക്കു വണ്ടി കയറി. ആദ്യം ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയാണ് മുറിച്ചു കടന്നത്‌. എന്തെങ്കിലും ലക്‌ഷ്യം മനസ്സില്‍ വെച്ചല്ല, വെറുതെ ഒരു തോന്നല്‍.അവിടെ തുടങ്ങിയ ആ സാഹസിക യാത്ര ഒന്നോ രണ്ടോ മാസങ്ങള്‍ കൊണ്ടോ ഒന്നോ രണ്ടോ രാജ്യങ്ങളിലോ അവസാനിച്ചില്ല.അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാക്ക്, ഈജിപ്ടു, തുര്‍ക്കി, റക്ഷ്യ തുടങ്ങി പത്തോളം രാജ്യങ്ങളുടെ അതിര്‍ത്തികള്‍ പാത്തും പതുങ്ങിയും മൊയ്തു മുറിച്ചു കടന്നു.പലപ്പോഴും അതിര്‍ത്തി സൈന്യത്തിന്റെ കാരുണ്യം കൊണ്ട് മാത്രമാണ് ശിഷ്ട ജീവിതം ഏതോ രാജ്യത്തെ ഇരുണ്ട ജയിലറകളില്‍ ഒടുങ്ങിപ്പോകാതെ കാത്തത്‌.എത്തിപ്പെട്ട പല രാജ്യങ്ങളിലും മൊയ്തു മാസങ്ങളോളം താമസിച്ചു.എവിടെയെങ്കിലും വേരുറക്കുമെന്ന് തോന്നുമ്പോഴേക്കും അടുത്ത ലക്ഷ്യത്തിലേക്ക് ഭാണ്ഡം മുറുക്കും.മൊയ്തുവിനെ കേള്‍ക്കുകയാണെങ്കിലും വായിക്കുകയാണെങ്കിലും ചില സമയങ്ങളില്‍ നമ്മുടെ ഹൃദയമിടിപ്പ്‌ നിലച്ചത് പോലെ തോന്നും. ജിജ്ഞാസയുടെ കൈ പിടിച്ചു മൊയ്തു നടന്നു തീര്‍ത്ത വഴികള്‍ ഈ ചെറിയ കുറിപ്പില്‍ വിശദീകരിക്കുക അസാധ്യമാണ്.പ്രമുഖ ഇംഗ്ലീഷ്-മലയാളം പത്രങ്ങളുടെ സപ്ലിമെന്റുകളില്‍ മൊയ്തുവിനെക്കുറിച്ച് വന്ന സചിത്ര റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയങ്ങളായിരുന്നു. മൊയ്തുവിന്റെ യാത്രാനുഭവങ്ങള്‍ മാതൃഭൂമി ബുക്സും പൂങ്കാവനം ബുക്സും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തത്ത്വ ചിന്തയുടെയോ ദര്‍ശനങ്ങളുടെയോ ചേരുവകളില്ലാതെ പച്ചയായ അനുഭവ വിവരണങ്ങളാണ് മൊയ്തുവിന്റെത്‌.

വിപുലമായ യാത്രാനുഭവങ്ങളില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത തെളിമയാര്‍ന്ന ജീവിത ദര്‍ശനത്തില്‍ നിന്നും ഉരുവം കൊണ്ടതാണ് മൊയ്തുവിന്റെ ലോകബോധവും കാഴ്ചപ്പാടുകളും.മൊയ്തു ഒരു പ്രാക്ടീസിംഗ് മുസ്ലിമാണെന്ന് പറയാം.മനുഷ്യനെ സന്ദേഹങ്ങളില്‍ മാത്രം കുരുക്കുന്ന ദര്‍ശനങ്ങള്‍ക്ക് പ്രായോഗികമായി മനുഷ്യനൊന്നും സംഭാവന ചെയ്യാന്‍ കഴിയില്ലെന്ന് മൊയ്തു വിശ്വസിക്കുന്നു.

മത രഹിതമായ ആത്മീയതയുടെ സഹചാരിയാണ് ഷൌക്കത്ത്.റൂമിയുടെയും ജിബ്രാന്റെയും ആത്മീയ സങ്കല്പങ്ങളില്‍ നിന്നാണ് ഷൌക്കത്തിന്റെ സഞ്ചാര പഥങ്ങളിലേക്ക് പുതിയ വെളിച്ചം പ്രസരിക്കുന്നത്. ഒരു സൂഫിയുടെ നിസ്സംഗത എന്നും ഷൌക്കത്തിന്റെ മുഖത്ത് കളിയാടുന്നുണ്ട്.

യാത്രയുടെ മതിഭ്രമത്തില്‍ നിന്നും ഒട്ടൊക്കെ മോചിതനായ മൊയ്തു ഗാര്‍ഹസ്ഥ്യം സ്വീകരിച്ചു തന്റെ പൂര്‍വാശ്രമത്തിലെ സ്മരണകളെ തലോടി ജീവിക്കുന്നു.വീടിന്റെയോ കുടുംബത്തിന്റെയോ ചരടുകളില്‍ ബന്ധിതനല്ലാത്ത ഷൌക്കത്ത് ഇന്നും പുതിയ ഇടത്താവളങ്ങള്‍ തേടി അലയുന്നു.
                                                            *********



Friday 6 August 2010

മരുഭുമിയിലെ മലവെള്ളപ്പാച്ചില്‍

2009 നവംബര്‍ 25 ബുധനാഴ്ച പ്രഭാതം. ജോലി സ്ഥലത്തേക്ക് പുറപ്പെടാന്‍ വേണ്ടി റൂമില്‍ നിന്ന് പുറത്തിറങ്ങിയതാണ്. പുറത്ത് നേരിയ ചാറ്റല്‍ മഴയും ഇളം കാറ്റും. ആകാശം മേഘാവൃതമാണ്, പൊതുവേ ഇരുണ്ട അന്തരീക്ഷം. റൂമിലേക്ക്‌ തന്നെ തിരിച്ചു കയറി. മഴ ശക്തിപ്പെടുകയാണെങ്കില്‍ റോഡില്‍ താഴ്ചയുള്ള ഭാഗങ്ങളിലെല്ലാം വെള്ളം കയറി യാത്ര ദുഷ്കരമാകുമെന്നതിനാല്‍ കമ്പനി വണ്ടി ഞങ്ങളെ എടുക്കാന്‍ വരില്ല. മുന്‍ വര്‍ഷങ്ങളില്‍ ഒന്ന് രണ്ടു തവണ അങ്ങനെ സംഭവിച്ചിട്ടുണ്ട്. അത് തന്നെ സംഭവിക്കുമെന്നാണ് പ്രതീക്ഷ;ഉള്ളിലെ ആഗ്രഹവും. ഒരു സുലൈമാനിയും കുടിച്ച് പുറം കാഴ്ചകളിലേക്ക് കണ്ണ് നട്ട് മരുഭൂമിയില്‍ അപൂര്‍വ്വമായ മഴയുടെ സംഗീതത്തില്‍ ലയിച്ചിരിക്കാം, വായിക്കാന്‍ ബാക്കി വെച്ച ഏതെങ്കിലും പുസ്തകത്താളുകളില്‍ മുഖം പൂഴ്ത്താം. അപ്രതീക്ഷിതമായി കിട്ടുന്നൊരു അവധി ദിനത്തിന് മാധുര്യമേറും.

ചില ആഗ്രഹങ്ങള്‍ക്ക് പോലും അല്പായുസ്സാണ്. ഏതാനും മിനിട്ടുകള്‍ക്കകം മഴ നിന്നു, ആകാശം തെളിഞ്ഞു. ഇപ്പോള്‍ ഇരുണ്ടത് എന്റെ മനസ്സാണ്. ഇനി കാത്തിരുന്നിട്ടു കാര്യമില്ല. സ്ഥിരം ദിന ചര്യ തന്നെ ശരണം. കമ്പനിയുടെ ശകടം ഞങ്ങളെയും വഹിച്ചു കൊണ്ട് കൃത്യ സമയത്ത് തന്നെ ജിദ്ദ-ഖുവൈസയിലെ കൊമ്പൌണ്ടിനകത്ത് കയറി.ഞങ്ങള്‍ പതിവ് പോലെ പഞ്ചിംഗ് മെഷിനു മുന്‍പില്‍ തൊഴുതു-ഇവനാണ് അന്നത്തിനു സാക്ഷി പറയേണ്ടവന്‍.

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും. അന്തരീക്ഷം പെട്ടെന്ന് ഇരുണ്ടു വന്നു. മേഘക്കീറുകള്‍ തീര്‍ത്ത മേലാപ്പിനപ്പുറം സൂര്യന്‍ അപ്രത്യക്ഷമായി. ശാന്തവും സൌമ്യവുമായ ഭാവത്തില്‍ നേരിയ ചാറ്റല്‍ മഴ. ഇടയ്ക്ക് പതിഞ്ഞ താളത്തിലേക്ക് പിന്‍വാങ്ങിയും വീണ്ടും മുറുകിയ താളത്തിലേക്ക് മുന്നേറിയും പുറത്ത് മഴയുടെ ഭിന്ന ഭാവങ്ങള്‍. കാണെക്കാണേ മഴയ്ക്ക് ശക്തി കൂടി. ഞാന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റു പോയി മെയിന്‍ ഡോറിനടുത്ത് നിന്നു മഴ കണ്‍കുളിര്‍ക്കെ കാണുകയാണ്. വൈകാതെ കുറച്ചു പേര്‍ കൂടി എന്റെ കൂട്ടിനു വന്നു. കൊമ്പൌണ്ടിനകത്താകെ മഴ വെള്ളം കെട്ടി നില്‍ക്കുന്നുണ്ട്. കൊമ്പൌണ്ടിനകത്ത് തന്നെ ഞങ്ങളുടെ വേറൊരു ഡിവിഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വരാന്തയിലും ഒരു പാട് പേര്‍ ഇറങ്ങി നില്‍ക്കുന്നുണ്ട്.എല്ലാവരും മരുഭൂമിയില്‍ അപൂര്‍വ്വമായ മഴ കണ്ടാസ്വദിക്കുകയാണ്. പാകിസ്ഥാന്കാരി മഹയും യമന്കാരി ഫിരിയാലും ഏതാനും കടലാസ് തോണികളുണ്ടാക്കി മഴ വെള്ളത്തിലേക്ക് ഒഴുക്കി വിടുന്നുണ്ട്.ഏതാനും മിനിട്ടുകള്‍ക്കകം തന്നെ അവ നനഞ്ഞു കുതിര്‍ന്നു ജലോപരിതലത്തില്‍ ഒഴുകി നടന്നു. ഒരു കടലാസ് തോണിയും കുറച്ചു മഴ വെള്ളവും മനസ്സില്‍ സൂക്ഷിക്കുന്ന മനുഷ്യര്‍ക്ക്‌ ദേശവും വംശവുമില്ലെന്നു ഞാന്‍ വിസ്മയത്തോടെ ഓര്‍ത്തു.

ക്രമേണ മഴയുടെ ഭാവം കൂടുതല്‍ രൌദ്രമായി. ദാഹാര്ത്തയായ മരുഭൂമിയെ ആവോളം പുണര്‍ന്ന മഴ പിന്നെ കൂടുതല്‍ രാക്ഷസീയമായ രൂപം പൂണ്ട് തിമിര്‍ത്തു പെയ്യുകയാണ്. ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ കുത്തിയൊലിച്ചു വരുന്ന വെള്ളം കൊമ്പൌണ്ടിന്റെ മെയിന്‍ ഗേറ്റിലൂടെ ഉള്ളിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി.ഗേറ്റ് കീപ്പര്‍ ഓടിച്ചെന്നു ഗേറ്റ് വലിച്ചു നീക്കുന്നതിന് മുമ്പ് തന്നെ അകത്തു മുട്ടോളം വെള്ളമുയര്‍ന്നിരുന്നു.

ജിദ്ദയിലെ മറ്റു പല പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി കുന്നുകളും മലകളും അതിരിടുന്ന ഭൂപ്രകൃതിയാണ് ഖുവൈസയുടെത്. മലഞ്ചെരിവുകളില്‍ ശക്തമായ മഴ പെയ്താല്‍ സ്വാഭാവികമായും സമീപ പ്രദേശങ്ങളിലേക്കാണ് വെള്ളം ഒലിച്ചിറങ്ങുക.സഞ്ചാര വീഥികളിലെ ഏതു പ്രതിരോധങ്ങളെയും  തകര്‍ക്കാന്‍ മാത്രം ശക്തമായ ആ പാച്ചിലില്‍ വഴിയില്‍ കണ്ടവരെയെല്ലാം ആയിരം കൈകള്‍ കൊണ്ട് ആലിംഗനം ചെയ്തു അത് കൂടെക്കൂട്ടും.എതിര്‍ക്കുന്നവരെ നാമാവശേഷമാക്കും.അതില്‍ സചേതന വസ്തുക്കളെന്നോ അചേതന വസ്തുക്കളെന്നോ ഉള്ള വേര്‍തിരിവുകള്‍ ഒന്നുമില്ല. കൊലവിളിയുമായി പായുന്ന ഒറ്റയാനെപ്പോലെത്തന്നെ.

ഞങ്ങള്‍ കുശലം പറഞ്ഞും പൊട്ടിച്ചിരിച്ചും മഴ ആസ്വദിക്കുക തന്നെയാണ്.പെട്ടെന്നാണതു സംഭവിച്ചത്. കൊമ്പൌണ്ടിന്റെ മെയിന്‍ ഗേറ്റ് അല്പമൊന്നു നീങ്ങി, നാലടിയോളം ഉയരത്തില്‍ വെള്ളം അകത്തേക്ക് കുതിക്കുകയാണ്. എന്തോ അപകട സൂചനയാലെന്നപോലെ ആ രംഗം കണ്ടു നില്‍ക്കുന്നവരുടെ മുഖത്തെ ചിരി മങ്ങി, പരിഭ്രമത്തോടെ മുഖത്തോട് മുഖം നോക്കി. ഇരുപതോ ഇരുപത്തഞ്ചോ ആളുകള്‍ ചേര്‍ന്ന് ഗേറ്റ് അടക്കാന്‍ ശ്രമിച്ചാലോ എന്ന ഞങ്ങളുടെ നിര്‍ദ്ദേശം അപകട ഭീതി കാരണം ജനറല്‍ മാനേജര്‍ നിരസിച്ചു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ശങ്കിച്ച് നില്‍ക്കുന്നതിനിടയില്‍ പത്തടിയിലധികം നീളമുള്ള ഗേറ്റിന്റെ പകുതി ഭാഗം ഉള്ളിലേക്ക് വളഞ്ഞു വന്നു.

ഒരു പുഴ വഴി മാറി വന്ന് കോമ്പൌണ്ടിലേക്ക് കയറിയത് പോലെ.തടസ്സം തകര്‍ത്തു വിജയഭേരിയോടെ മുന്നേറിയ കലക്ക് വെള്ളം ഞങ്ങളുടെ നേര്‍ക്കാണ് പാഞ്ഞു വരുന്നത്. മെയിന്‍ ഗേറ്റില്‍ നിന്നും ഓഫീസിന്റെ മെയിന്‍ ഡോറിലേക്ക് അമ്പതോളം മീറ്റര്‍ ദൂരമേയുള്ളൂ. കുതിച്ചു വരുന്ന വെള്ളത്തെ തടഞ്ഞു നിര്‍ത്താനൊരു വിഫല ശ്രമം.ഏതാനും പേര്‍ ചേര്‍ന്ന് ഗ്ലാസ്‌ ഡോര്‍ ബലമായി തള്ളിപ്പിടിച്ചു.ഡോറിനപ്പുറത്ത് ജലനിരപ്പ്‌ നോക്കി നില്‍ക്കെ ഉയര്‍ന്നു വരുന്നത് കാണാം. അപ്പോഴേക്കും പുറത്തു അരയ്ക്കു മീതെ വെള്ളമുയര്‍ന്നിട്ടുണ്ടാകും. ഡോറിന്റെ ചെറിയ വിടവിലൂടെ വെള്ളം അകത്തേക്ക് ചീറ്റുന്നുണ്ട്. ചകിതമായിപ്പോയ മനസ്സിന്റെ വിഭ്രമത്തില്‍ ഒരു വേള സ്വപ്നം കാണുകയാണോ എന്ന് പോലും തോന്നിപ്പോയി.തടസ്സം നിന്നവര്‍ വൈകാതെ തോറ്റു പിന്മാറി. വെള്ളം അകത്തേക്ക് ഇരമ്പിക്കയറി,ഓരോ കാബിനിലേക്കും കുതിച്ചു.അല്‍പ സമയത്തെ പതറിച്ചക്ക് ശേഷം സ്ഥല കാല ബോധം വീണ്ടെടുത്ത ഞാന്‍ എന്റെ കാബിനിലേക്ക്‌ ഓടിയെത്തി.തറയില്‍ വെച്ച കര്‍ട്ടന്‍ പെട്ടികളില്‍ ചിലത് മേശപ്പുറത്തേക്ക് എടുത്തു വച്ചു, ഷെല്‍ഫില്‍ താഴത്തെ റാക്കിലുള്ള ഫയലുകള്‍ മുകളിലെക്കെടുത്തു വയ്ക്കാന്‍ തുടങ്ങി. എല്ലാം വെറുതെയായിരുന്നു.ഏതാനും മിനിട്ടുകള്‍ക്കകം കാബിനിലെ മൂന്നു മേശകളും കമ്പ്യുട്ടറുകളും വെള്ളത്തിനടിയിലായി. ഹതാശനായി അരയ്ക്കു മീതെ വെള്ളത്തിലൂടെ തിരിഞ്ഞു നടന്നു മെയിന്‍ ഡോറിനടുത്തേക്ക് തന്നെ മടങ്ങി.

കൂടുതല്‍ ആശങ്കാജനകമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. അകത്തു നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഞങ്ങള്‍ക്ക് തോന്നി.കുറച്ചാളുകള്‍ ഒന്നാം നിലയിലേക്ക് കയറി.സ്ത്രീ ജീവനക്കാരും മുകളില്‍ അഭയം കണ്ടെത്തി. പഴയ കെട്ടിടമായത് കൊണ്ട് മുകളിലായാലും പൂര്‍ണ സുരക്ഷിതമെന്ന് കരുതാന്‍ വയ്യ.ഞങ്ങള്‍ ഏതാനും പേര്‍ പുറത്തേക്കിറങ്ങി.നെഞ്ചോളം വെള്ളത്തില്‍ ശക്തമായ ഒഴുക്കിനെ പ്രതിരോധിക്കാന്‍ പലപ്പോഴും കൈകള്‍ പരസ്പരം കോര്‍ത്ത്‌ പിടിച്ചു.കമ്പനിയുടെ ഉടമസ്ഥനും വൃദ്ധനുമായ മര്‍വാന്‍ മഗ്റബിയും ഞങ്ങളോടോപ്പമുണ്ട്. താല്‍ക്കാലിക ആശ്വാസമെന്ന നിലക്കെങ്കിലും മുകളിലത്തെ നിലയിലേക്ക് കയറി നില്‍ക്കാനുള്ള പലരുടെയും അഭ്യര്‍ത്ഥന അദ്ദേഹം ചെവി കൊള്ളുന്നില്ല. സൗദി അറേബ്യയില്‍ തന്നെ ഇലക്ട്രിക്‌ ഉപകരണങ്ങളുടെ വിപണന രംഗത്ത് ഏറെ അറിയപ്പെടുന്ന വ്യക്തിയാണ് മര്‍വാന്‍. ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങി ഒരായുഷ്ക്കാലത്തെ കഠിനാധ്വാനം കൊണ്ട് കെട്ടിപ്പടുത്തതാണ് അദ്ദേഹത്തിന്റെ ആസ്തികളോക്കെയും. ഇന്നും ശീതീകരിച്ച ഓഫീസ് കാബിനിലിരിക്കുന്നതിലേറെ  സമയം  ദിവസവും ഫാക്ടറി തൊഴിലാളികളുടെ കൂടെയാണ് അദ്ദേഹം ചിലവിടാറ്.ഒരിക്കലും പേടിപ്പെടുത്തുന്നൊരു മുതലാളിയുടെ സാന്നിധ്യമല്ല അവര്‍ക്കദ്ദേഹം.

അവിചാരിതമായ കാഴ്ചകളുടെ ഉദ്വേഗത്തിലും ആദ്യമൊക്കെ ഉല്‍സാഹഭരിതനായിരുന്നു മര്‍വാന്‍. അസ്വസ്ഥതയും ആശങ്കയും കലര്‍ന്ന മ്ലാനത ക്രമേണ അദ്ദേഹത്തിന്റെ ഉത്സാഹത്തെ ചോര്‍ത്തിക്കളയുന്നതും മുഖത്തെ വിവര്‍ണമാക്കുന്നതും ഞങ്ങള്‍ കണ്ടു.തന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിതെന്നു പറയുമ്പോള്‍ നനഞ്ഞ കൈകള്‍ കൊണ്ട് നരച്ച ബുള്‍ഗാന്‍ താടി തടവുന്നുണ്ടായിരുന്നു അദ്ദേഹം.

ജല നിരപ്പ് കൂടുതല്‍ ഉയര്‍ന്നു വരികയാണ്.രണ്ടു സ്റ്റോറുകളിലായി ഇതിനകം തന്നെ ലക്ഷക്കണക്കിന്‌ റിയാലിന്റെ സാധനങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. കൊമ്പൌണ്ടിന്റെ കിഴക്ക്
വശത്തുള്ള മറ്റൊരു ഗേറ്റിലൂടെ താഴ്ചയുള്ള ഭാഗത്തേക്ക് വെള്ളം ഒഴുകിപ്പോകുന്നുണ്ട്. വെള്ളത്തിന്റെ ഈ ഗതി മാറ്റമാണ് കൊമ്പൌണ്ടിനകത്തെ ഒഴുക്കിനെ ശക്തമാക്കുന്നത്.പാര്‍ക്ക് ചെയ്ത കാറുകളില്‍ ചിലത് വെള്ളത്തില്‍ ഒഴുകി നടക്കുന്നുണ്ട്.കൂട്ടത്തിലൊന്നു ഒഴുക്കില്‍പ്പെട്ട് പുറത്തു പോയെങ്കിലും റോഡിലെ ഡിവൈഡറില്‍ തടഞ്ഞു നിന്നത് കാറുടമയായ ഫലസ്തീന്‍ യുവാവ് നിസ്സഹായനായി നോക്കി നില്‍ക്കുകയാണ്.പുറത്തു റോഡിലൂടെ ഒഴുകുന്ന വെള്ളത്തിന്‌ വര്‍ഷക്കാലത്തെ പുഴയുടെ വേഗതയും ഭയപ്പെടുത്തുന്ന ഭാവവുമുണ്ട്.

മരുഭൂമിയുടെ പ്രകൃതിക്കെന്നും പ്രവചനാതീതമായ സ്വഭാവ വിശേഷങ്ങളുണ്ട്. അനിശ്ചിതത്വവും ഉദ്വിഗ്നതയും ചേര്‍ന്നതാണ് എന്നും മരുഭൂമിയിലെ ജീവിതം. നഗരവല്‍ക്കരിക്കപ്പെട്ട ഭാഗങ്ങളില്‍ താമസിക്കുമ്പോള്‍ നമുക്കതത്ര അനുഭവവേദ്യമാകണമെന്നില്ലെന്നു മാത്രം.മരുഭൂമിയുടെ സന്തതികളായ ബദവികള്‍ക്ക് മാത്രമേ മരുഭൂമിയുടെ ജൈവ താളത്തെ തൊട്ടറിയാനും അതിന്റെ ഭാവ മാറ്റങ്ങളെ വ്യാഖ്യാനിക്കാനും കഴിയൂ. മരുഭൂമിയുടെ വന്യതയിലൂടെ നിരന്തരം സാഹസികമായി സഞ്ചരിച്ച മുഹമ്മദ്‌ അസദിനെയും വില്‍ഫ്രെഡ് തെസീഗരെയും പോലുള്ളവരുടെ സാഹിത്യ കൃതികളില്‍ ഉദ്വേഗ ജനകമായ മരുഭൂ ജീവിതത്തിന്റെ മിഴിവാര്‍ന്ന ചിത്രീകരണങ്ങള്‍ കാണാം.

മഴയുടെ ക്ഷോഭത്തിന് കുറവൊന്നും കാണാത്തത് കൊണ്ട് ഇതേ നില്പ് ഇനിയും തുടരുന്നത് ബുദ്ദിയല്ലെന്നു ചെമ്മാട് സ്വദേശി സുഹൈല്‍ അഭിപ്രായപ്പെട്ടത് പ്രകാരം കൊമ്പൌണ്ടിനകത്തു തന്നെയുള്ള പള്ളിയുടെ അടുത്തേക്ക് ഞങ്ങള്‍ പ്രയാസപ്പെട്ടു നീങ്ങി. മഴ വെള്ളത്തിന്റെ കോച്ചുന്ന തണുപ്പ് കാരണം പലരും വിറക്കാന്‍ തുടങ്ങിയിട്ടുണ്ട്.ഉയരത്തില്‍ തറ കെട്ടിയാണ് പള്ളി പണിതിട്ടുള്ളത്. തല്‍ക്കാലം ഞങ്ങള്‍ പള്ളി വരാന്തയില്‍ മുട്ടിനു മീതെ വെള്ളത്തില്‍ നിന്നു. വേണ്ടി വന്നാല്‍ കുറച്ചു പ്രയാസപ്പെട്ടാണെങ്കിലും പള്ളിയുടെ ടെറസിലേക്ക് കയറിയാല്‍ അതായിരിക്കും താരതമ്യേന സുരക്ഷിതം.സിവില്‍ ഡിഫന്‍സിന്റെ ഒരു ഹെലികോപ്ടര്‍ ഇടയ്ക്കു ഞങ്ങളുടെ തലയ്ക്കു മുകളില്‍ വട്ടമിട്ടു കിഴക്ക് ഭാഗത്തേക്ക് പറന്നു.

പുറത്തു നിന്നും ധാരാളം വസ്തുക്കള്‍ വെള്ളത്തിലൂടെ ഒഴുകി വരുന്നുണ്ട്. പൊടുന്നനെ ഒരു മനുഷ്യന്‍ ഒഴുകിയും നീന്തിയുമെന്ന മട്ടില്‍ ഗേറ്റ് കടന്നു വന്നു.എങ്ങനെയൊക്കെയോ കര പറ്റിയ ആശ്വാസത്തില്‍ അയാള്‍ ദീന ഭാവത്തില്‍ ഞങ്ങളെ നോക്കി. ഞങ്ങള്‍ അയാളെ ആശ്വസിപ്പിച്ചു കൂടെ നിര്‍ത്തി.അടുത്തേതോ കമ്പനിയില്‍ വാച്ച്മാനായി ജോലി നോക്കുന്ന ഏതോ ബംഗ്ലാദേശ്കാരനാണ്. പാവം വല്ലാതെ പേടിച്ചിട്ടുണ്ട്, നന്നായി വിറക്കുന്നുമുണ്ട്.

മധ്യാഹ്നം പിന്നിട്ടു. ഏതാനും മണിക്കൂറുകള്‍ തകര്‍ത്തു പെയ്ത ശേഷം മഴയുടെ വീര്യവും ശക്തിയും കുറഞ്ഞു. പിന്നെ കുറെ സമയത്തേക്ക് നേരിയ ചാറ്റല്‍ മഴ മാത്രം, എങ്കിലും ആകാശം മൂടിക്കെട്ടി നില്‍ക്കുകയാണ്.ഒരു മണിക്കൂറിനകം തന്നെ കോമ്പൌണ്ടില്‍ നിന്നും ഏറെ വെള്ളം ഒലിച്ചു പോയി. വെള്ളം താഴ്ന്നു മുട്ടോളമെത്തിയപ്പോള് വീണ്ടും മഴ ശക്തിപ്പെടുകയാണോ എന്നു തോന്നിച്ചു. ആരോ അഭിപ്രായപ്പെട്ടത് പ്രകാരം മെയിന്‍ ഗേറ്റു ബലം പ്രയോഗിച്ചു അടക്കാനുള്ള ശ്രമത്തില്‍ കൊണ്ടോട്ടിക്കാരന്‍ കമ്മദിന്റെ നേതൃത്വത്തില്‍ ഇരുപതോളം പേര്‍ ചേര്‍ന്നു.അര മണിക്കൂറോളം നേരത്തെ ഭഗീരഥ പ്രയത്നത്തിനൊടുവില്‍ ഗേറ്റ് പൂര്‍ണമായടഞ്ഞു. എല്ലാവരും ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.

ആകാശം ഇപ്പോഴും തെളിഞ്ഞിട്ടില്ല. ഏറെ സമയം തണുത്ത വെള്ളത്തില്‍ നിന്നതിന്റെ മരവിപ്പും വിശപ്പും ഒരു പോലെയുണ്ട്. വീണ്ടും മഴ പെയ്താല്‍ രാത്രി അവിടെ അകപ്പെട്ടു പോകുമെന്ന ചിന്ത ഞങ്ങളെ അലോസരപ്പെടുത്തി.പൂക്കോട്ടൂക്കാരന്‍ കുഞ്ഞി മുഹമ്മദും ഞാനും രക്ഷപ്പെടാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്നാരാഞ്ഞു റോഡിലെക്കിറങ്ങി.റോഡിലിപ്പോള്‍ വെള്ളത്തിന്റെ നേരിയ ഒഴുക്കേയുള്ളൂ.വാഹനങ്ങള്‍ പല ദിശകളിലേക്കായി ചെരിഞ്ഞും മറിഞ്ഞും ചെളിയില്‍ പുതഞ്ഞും കിടക്കുന്നുണ്ട്.ഞങ്ങള്‍ നടന്നു മക്ക-മദീന എക്സ്പ്രസ്സ്‌ ഹൈവേയുടെ മുകളിലൂടെ പോകുന്ന ഫ്ലൈ ഓവറിലെത്തി. താഴേക്കു നോക്കിയപ്പോള്‍ ഹൈവേയില്‍ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു. നൂറു കണക്കിന് വാഹനങ്ങള്‍ ഭൂകമ്പത്തില്‍ പെട്ടതു പോലെ തലങ്ങും വിലങ്ങുമായി ചിതറിക്കിടക്കുന്നു.ചെറിയ വാഹനങ്ങള്‍ മുതല്‍ കണ്ടയിനെര്‍ ലോറികള്‍ വരെയുണ്ട് കൂട്ടത്തില്‍. ചില ഭാഗങ്ങളില്‍ റോഡു തന്നെ ഒലിച്ചു പോയിട്ടുണ്ട്.അപ്പോഴും അവിടെ വെള്ളത്തിന്റെ ശക്തമായ ഒഴുക്കുണ്ട്. വെള്ളം ദിശ മാറിപ്പോകുന്നോരിടത്ത് പേടിപ്പെടുത്തുന്നൊരു ചുഴി രൂപപ്പെട്ടിട്ടുണ്ട്.

കടലുണ്ടിപ്പുഴയുടെ സ്നേഹ ലാളനങ്ങളേറ്റു കിടക്കുന്ന തറവാട് വീട്ടില്‍ വര്‍ഷക്കാലങ്ങളില്‍ പുഴ വെള്ളം നിത്യ സന്ദര്‍ശകനായിരുന്നു.അത് കൊണ്ട് തന്നെ പേമാരിയും വെള്ളപ്പൊക്കവുമോന്നും അത്ര അപരിചിതമായ കാഴ്ചകളല്ല. പക്ഷെ, ദിവസവും രണ്ടു നേരം ഞങ്ങള്‍ കടന്നു പോകുന്ന ഈ വഴിയില്‍ മലവെള്ളപ്പാച്ചിലുണ്ടാക്കിയ കാഴ്ചകള്‍ ഭാവനയുടെ വിദൂര കോണുകളില്‍ പോലും ഇടം കണ്ടെത്താനാവാത്ത വിധം അപ്രതീക്ഷിതവും നടുക്കുന്നതുമാണ്. അവിചാരിതമായ കാഴ്ചകളില്‍ ജീവിതത്തില്‍ ഇതിനു മുമ്പൊരിക്കലും ഇത്ര അമ്പരന്നിട്ടില്ല.ചില കാഴ്ചകളെങ്കിലും ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ചില സങ്കല്പങ്ങളെ തല കീഴാക്കിപ്പിടിക്കുന്നതാണെന്ന് ഞാനാലോചിച്ചു.

രണ്ടു കിലോമീറ്ററോളം മുന്നോട്ട് നടന്ന് ഞങ്ങള്‍ കിംഗ്‌ അബ്ദുല്‍ അസീസ്‌ യൂനിവേഴ്സിറ്റിയുടെ മുമ്പിലെത്തി. എഞ്ചിനീയറിംഗ് ഫാകല്‍റ്റിയുടെ ഗേറ്റിനു മുന്നില്‍ കണ്ട കാഴ്ച ഏറെ ദയനീയവും ആരിലും ആധി പടര്ത്തുന്നതുമായിരുന്നു.ഒരു ജഡം ഒഴുകി വന്ന് റോഡില്‍ പാര്‍ക്ക് ചെയ്ത കാറിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്.രണ്ടു കാലുകള്‍ മാത്രമേ പുറത്തേയ്ക്ക് വ്യക്തമായി കാണുന്നുള്ളൂ. ബാക്കി ഭാഗം ചെളിയില്‍ പുതഞ്ഞും കാറിനടിയിലുമായി കിടക്കുകയാണ്. അല്പം മുന്‍പ് ഒരു പെണ്‍കുട്ടിയുടെ മൃതദേഹം റോഡില്‍ നിന്നും എടുത്തു കൊണ്ട് പോയെന്നു ഒരു യമനി യുവാവ് ഞങ്ങളോട് പറഞ്ഞു. മലവെള്ളത്തിന്റെ മരണപ്പാച്ചിലിനിടയില്‍ തെരുവോരങ്ങളിലും കുഴികളിലും ഉപേക്ഷിക്കപ്പെട്ട ഒട്ടനവധി മൃതദേഹങ്ങളില്‍ ചിലത് മാത്രമായിരുന്നു അവയൊക്കെ.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഖുവൈസയുടെ പ്രാന്ത പ്രദേശങ്ങളിലൂടെയുള്ള യാത്രകളിലാണ് മലവെള്ളത്തിന്റെ യഥാര്‍ത്ഥ അവശേഷിപ്പുകള്‍ പൂര്‍ണമായും ബോധ്യമായത്.

നേരം സന്ധ്യയായി. വിഷാദം കലര്‍ന്നൊരു കാളിമ അന്തരീക്ഷത്തെ പൊതിഞ്ഞു നിന്നു. രണ്ടു മണിക്കൂറില്‍ അധികമായി ഞങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ട്. താരതമ്യേന താഴ്ചയുള്ള ഭാഗങ്ങളില്‍ കൂടി നടന്ന് വേണം ഞങ്ങള്‍ക്ക് താമസ സ്ഥലത്തെത്താന്‍.ഒഴുക്കിന് അത്ര ശക്തിയില്ലെങ്കിലും ചിലയിടങ്ങളില്‍ അരയ്ക്കു മീതെ വെള്ളമുണ്ട്.കടകളില്‍ നിന്നും വീടുകളില്‍ നിന്നുമായി വെള്ളം കൂടെക്കൂട്ടിയ ഒരു പാട് വസ്തുക്കള്‍ അപ്പോഴും ഒഴുകിപ്പോകുന്നുണ്ട്. ഏതാനും മൈത ചാക്കുകള്‍ ധൃതിയില്‍ ഞങ്ങളെയും കടന്നു പോയി.മുതിര്‍ന്ന കുട്ടികള്‍ ഉയരമുള്ള സ്ഥലങ്ങളില്‍ കയറി വെള്ളത്തിലേയ്ക്ക് ചാടി ആഘോഷിക്കുന്നുണ്ട്. ഏറെ നേരം വെള്ളവും ചെളിയും നീന്തി ഫ്ലാറ്റിന്റെ സുരക്ഷിതത്വത്തിലെക്കണയുമ്പോള്‍‍ രാത്രിയുടെ ആദ്യ യാമങ്ങള്‍ പിന്നിട്ടിരുന്നു.

ഇന്നും യൂനിവേഴ്സിറ്റിക്കു മുന്‍പിലൂടെ വാഹനത്തില്‍ കടന്നു പോകുമ്പോള്‍ വായിലും മൂക്കിലും ചെളിവെള്ളം കയറി നിസ്സഹായനായിപ്പോയൊരു മനുഷ്യന്‍ സഹായമര്ത്ഥിച്ച് നീട്ടുന്ന കൈകള്‍ എനിക്ക് നേരെ നീണ്ടു വരാറുണ്ട്.

                                 ( മലയാളം ന്യൂസ്‌ ദിനപത്രം )