Tuesday, 28 December 2010

വിരഹ മന്ത്രമോതി പ്രവാസിയുടെ ഡിസംബര്‍

വിരഹത്തിന്റെയും വേദനയുടെയും പ്രതീകമാണ് ഡിസംബര്‍. പ്രവാസിയുടെ കാത്തിരിപ്പിന്റെ കലണ്ടറില്‍ കണ്ണീരിന്റെ ഉപ്പു രസം കലര്‍ന്നതാണ് ഡിസംബറിലെ അക്കങ്ങള്‍.ഞെട്ടറ്റു വീഴുന്ന ഓരോ വര്‍ഷവും ചെന്നു പതിക്കുന്നത് അവന്റെ സ്വപ്നങ്ങളുടെ ശവപ്പറമ്പുകളിലാണ്.അനാദിയും അനന്തവുമായ കാലത്തിന്റെ ഋതു ഭേദങ്ങള്‍ എത്രയെത്ര വര്‍ണാഭമായ സ്വപ്നങ്ങളെയാണ് നിഷ്കരുണം തല്ലിക്കൊഴിച്ചത്.എന്നിട്ടും നാം പ്രതീക്ഷാ നിര്‍ഭരമായ മനസോടെ പുതുവത്സരത്തെ വരവേല്‍ക്കാനോരുങ്ങുന്നു.

                                      **** ****** *****
മനസ്സിലും മരുഭൂമിയിലും മഞ്ഞു പെയ്യുന്ന കാലമാണ് ഡിസംബര്‍. ജീവിതത്തിന്റെ ആകുലതകളിലും വേവലാതികളിലും സ്വയം നഷ്ടപ്പെട്ട നമുക്ക് ഒരു മഞ്ഞു തുള്ളിയുടെ തരള സാന്നിധ്യം തിരിച്ചറിയാനുള്ള ജൈവികത പോലും നഷ്ടമായിരിക്കുന്നുവെന്നു നാം വേദനയോടെ തിരിച്ചറിയുന്നു. ഊഷരമായ നമ്മുടെ മനസ്സുകള്‍ക്ക് ഒരു ഹിമ കണത്തിന്റെ നൈര്‍മല്യം പോലും അന്യമായിപ്പോകുന്നു.

                              **** ******* ******
പ്രവാസിയുടെ പുതുവത്സരാശംസകള്‍ക്ക് എന്നും അടക്കിപ്പിടിച്ചൊരു തേങ്ങലിന്റെ നൊമ്പരമുണ്ട്. സംബറിന്റെ കുളിരിലും തപിക്കുന്ന മനസ്സിന്റെ നെരിപ്പോട് ആ അക്ഷരങ്ങള്‍ക്കിടയില്‍ എരിയുന്നുണ്ട്‌.സ്വപ്ന സന്നിഭമായൊരു തുറമുഖത്ത് നങ്കൂരമിടാന്‍ ശ്രമിക്കുന്തോറും നാം കൂടുതല്‍ കൂടുതല്‍ പുറം കടലിലേക്കാണ് എത്തിപ്പെടുന്നത്.പത്തേമാരിയില്‍ അലകള്‍ മുറിച്ചു കടന്ന പൂര്‍വ്വികന് ഏതാനും കൊച്ചു കിനാക്കളേ അടുക്കി വയ്ക്കാനുണ്ടായിരുന്നുള്ളൂ. ഇന്ന് നമ്മുടെ മോഹപ്പക്ഷികള്‍ ഒരു ചില്ലയില്‍ നിന്നും അടുത്ത ചില്ലയിലേക്ക് പറന്നു തളരുന്നു.ഇതെല്ലാം വെറും മൃഗ തൃഷ്ണകളായിരുന്നുവെന്നു ജീവിതത്തിന്റെ സായം സന്ധ്യയില്‍ തിരിച്ചറിയുമ്പോള്‍,മനസ്സില്‍ ഇല പൊഴിയുന്ന ആ കാലത്ത് എന്ത് ആശംസകളാണ് നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് നാം നല്‍കുക?
                                    **** ***** ******
മഞ്ഞിന്റെ നേര്‍ത്ത ആവരണം പുതച്ച മരുഭൂമിയില്‍ നിശാംബരത്തിനു കീഴെ മലര്‍ന്നു കിടക്കുമ്പോള്‍ മനസ്സ് ഉന്മാദിയായിപ്പോകുന്നു. ആയിരത്തൊന്നു രാവുകളില്‍ പറഞ്ഞിട്ടും തീരാത്ത കഥയുടെ അക്ഷയ ഖനിയുമായി ഷഹര്‍സാദ കാത്തിരിപ്പുണ്ടാവും.അവളുടെ കഥകളുടെ വിസ്മയങ്ങള്‍ക്ക് കാതോര്‍ത്ത് നക്ഷത്രങ്ങള്‍ കണ്ണ് ചിമ്മുന്നതും തുറക്കുന്നതുമായ കാഴ്ച എത്ര മനോഹരമാണ്. കണ്ണീരും കിനാവും
വേവലാതികളും മനുഷ്യന്റെ കൂടെ ഉള്ളിടത്തോളം കാലം കഥയുടെ അത്ഭുത ചെപ്പും ഭൂമിയിലുണ്ടാകും.
                                  **** ***** ******
ഡിസംബറിന്റെ തണുപ്പ് സൂചിമുനകള്‍ പോലെ രോമ കൂപങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു സായന്തനത്തിലാണ് നിത്യ ചൈതന്യ യതിയുടെ ആശ്രമ വാതിലുകള്‍ മുട്ടുന്നത്.ഒരു പാട് കത്തിടപാടുകളുടെ തുടര്‍ച്ചയായിരുന്നു ആ സമാഗമം.തുടര്‍ന്നുള്ള രാപകലുകളില്‍ സാര്‍ഥകമായ ഒരു പാട് കൂടിക്കാഴ്ചകള്‍.യതിയുടെ പ്രാര്‍ഥനാ സദസ്സുകളില്‍ ഫാത്തിഹ ഓതാനുള്ള നിയോഗം.എവിടെ നിന്നോ കയറിച്ചെന്ന പയ്യന്റെ വിവരക്കേടുകള്‍ക്ക് ചെവിയോര്‍ത്തും ധാര്‍ഷ്ട്യം നിറഞ്ഞ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയും ഒരു വലിയ മനുഷ്യന്‍. നീഷെയും സാര്‍ത്രും ക്രിസ്തുവും പ്രവാചകനും കയറി വരികയും കലഹിച്ചു ഇറങ്ങിപ്പോവുകയും ചെയ്ത മുഹൂര്‍ത്തങ്ങള്‍ സാന്ദ്രമായ ഒരു മഞ്ഞു തുള്ളിപോലെ ഇന്നും മനസ്സില്‍ കുളിരേകി നില്‍പ്പുണ്ട്.
                                          **** **** ******
വിസ്മയിപ്പിക്കുന്ന ശാസ്ത്രീയ മുന്നേറ്റങ്ങളാണ് മനുഷ്യന്‍ കൈവരിക്കുന്നത്. എന്നിട്ടും നെടുവീര്‍പ്പും ഗദ്ഗദവും നെഞ്ചിലൊതുക്കിയാണ് ഓരോ ഡിസംബറും നമ്മോടു യാത്രാമൊഴി പറയുന്നത്. സാഫല്യങ്ങളും സങ്കടങ്ങളും ചേര്‍ത്ത് വെച്ചുള്ള വരവ് ചെലവു കണക്കില്‍ അവസാന നീക്കിയിരിപ്പില്‍ മനുഷ്യന്‍ വീണ്ടും തോറ്റു പോകുന്നു.അകന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഗാലക്സികള്‍ പോലെ മനുഷ്യനും ഒറ്റപ്പെട്ട ദ്വീപുകളായി അകന്നു നീങ്ങിക്കൊണ്ടിരിക്കുന്നു. ജീവിതത്തെക്കുറിച്ചൊരു കാഴ്ച്ചപ്പാടില്ലാതെ ഓരോരോ വ്യാമോഹങ്ങളുടെ ചിറകിലേറി നീങ്ങി അനിവാര്യമായ സ്വയംഹത്യയെ പുല്‍കിയവരുടെ നിലവിളികള്‍ ഡയറിത്താളുകള്‍ക്കിടയില്‍ മുഴങ്ങുന്നുണ്ട്.
                                   *** **** *****
സ്റ്റീരിയോ ടൈപ് ആശംസകള്‍ കലപില കൂട്ടുന്ന കാലമാണ് ഡിസംബര്‍. ആണ്ടറുതികളിലയക്കുന്ന ആത്മാവില്ലാത്ത കുറെ അക്ഷരങ്ങളിലേക്ക് നാം സൌഹൃദങ്ങളെയും ബന്ദങ്ങളെയും ന്യൂനീകരിച്ചിട്ടു കാലമേറെയായി. ഉപഭോഗ സംസ്കാരത്തിന്റെ പരക്കം പാച്ചിലിനിടയില്‍ ബന്ദങ്ങളുടെ ഊഷ്മളത നമുക്കെന്നോ കൈമോശം വന്നിട്ടുണ്ട്.അറുതിയില്ലാത്ത തിരക്കിന്റെ ചുഴിയില്‍ പെട്ടുഴലുന്ന മനുഷ്യന് ബന്ദങ്ങള്‍ക്ക് വേണ്ടി നീക്കി വെക്കാന്‍ സമയമെവിടെ!മനസ്സിന്റെ ഭാഷ നഷ്ടപ്പെട്ടപ്പോള്‍ വാണിജ്യത്തിന്റെ ചുരുക്ക ഭാഷയില്‍ ജീവിത സമസ്യകളെ പൂരിപ്പിക്കാന്‍
ശ്രമിക്കുന്നു നമ്മള്‍.ചുരുക്കം ചില ആശംസാ സന്ദേശങ്ങള്‍ മാത്രം ഉമിത്തീയായി മനസ്സില്‍ കത്തിപ്പടരുന്നു.
                                       *** *** ****
ഓരോ ഡിസംബറും ജീവിതത്തിലെ ചില കണക്കെടുപ്പുകളെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.ഗുണനങ്ങളിലൂടെ ഇരട്ടിക്കുന്ന അക്കങ്ങളുടെ സമൃദ്ധിയിലാണ് പ്രവാസിയുടെ ജീവിതം തന്നെ.അവസാനം തിരിച്ചു പോകുമ്പോള്‍ ബാലന്‍സ് വരുന്ന തുകയെ ജീവിതം കൊണ്ട് ഹരിച്ചു നോക്കേണ്ട ഒരു മുഹൂര്‍ത്തമുണ്ട്‌ നമ്മുടെയൊക്കെ ജീവിതത്തില്‍. അന്ന് നമ്മിലോരോരുത്തരുടെയും തൊണ്ടയില്‍ കുരുങ്ങിപ്പോകുന്നൊരു നിലവിളിയുണ്ട്. സ്വപ്നങ്ങള്‍ക്ക് പോലും നര ബാധിച്ച ആ കാലത്ത് ഏത് രമ്യ ഹര്‍മത്തിലാണ് നമ്മുടെ നിലവിളിയെ ഖബറടക്കുക? ഏത് പൊങ്ങച്ചം കൊണ്ടാണ് നമ്മളതിന്റെ ദൈന്യതയെ മറച്ചു പിടിക്കുക ?
                                         *** *** *****
കുത്തും കോമയുമില്ലാത്ത കുറിമാനങ്ങളിലോന്നില്‍ അവളെഴുതി:
ആണ്ടിലൊരിക്കലെങ്കിലും വസന്തം വിരുന്നിനെത്തിയില്ലെങ്കില്‍ ഈ കാത്തിരിപ്പിനെന്തര്‍ത്ഥം? ഇപ്പോള്‍ പകലിനും രാത്രിക്കും ഒരേ നിറമാണ്. ഡിസംബറിലെ നിലാവും മഞ്ഞും പ്രണയ മന്ത്രങ്ങള്‍ കൈമാറുന്നൊരു രാത്രിയില്‍ ഗന്ദര്‍വ്വനെപ്പോലെ നീയെന്റെയരികില്‍ വരുമോ? കാത്തിരിപ്പിന്റെ നീറിപ്പിടിക്കുന്ന ഈ ദിനരാത്രങ്ങളെ ഏത് തത്വ ശാസ്ത്രം കൊണ്ടാണ് നീയിനിയും നീതീകരിക്കുക?ഇങ്ങനെ ഇനിയും എത്ര ഡിസംബറുകള്‍?
വിതുമ്പിപ്പോകുന്ന നൊമ്പരങ്ങള്‍ ചേര്‍ത്ത് വെച്ച് നീയെഴുതിയ കാത്തിരിപ്പിന്റെ വ്യഥയും തേങ്ങലും ഇടനെഞ്ചിലേറ്റ്‌ വാങ്ങാന്‍ എനിക്ക് കഴിയുന്നുണ്ട്.നിലാവും മഞ്ഞും പെയ്യുന്ന അലൌകികമായ രാവുകളിലോന്നില്‍ നിന്റെ നിശ്വാസങ്ങളെ തീവ്രമാക്കാന്‍ ഞാന്‍ പറന്നെത്തും.നമ്മുടെ മനസ്സിന്റെ കലണ്ടറില്‍ അന്ന് മുതല്‍ പുതു വത്സരമായിരിക്കും.ശിശിരത്തിലെ പക്ഷി അന്ന് വിരഹഗാനം പാടില്ല. അവളെഴുതിയ ഭാഷയ്ക്ക്‌ അക്ഷരങ്ങളോ വ്യാകരണമോ ഉണ്ടായിരുന്നില്ല. ഗദ്ഗദമാണ് ഏറ്റവും തീവ്രമായ ഭാഷ, അതിനിടയിലെ മൌനമാണ് ഏറ്റവും സങ്കീര്‍ണ്ണമായ വ്യാകരണം. വ്യാകരണ നിയമങ്ങള്‍ക്കനുസരിച്ച് മാത്രം
ജീവിക്കുന്നവര്‍ക്ക് ഇതൊന്നും അത്ര വശപ്പെടില്ല.
                                               *** *** ***
സംഭവ ബഹുലമായ ഒരു വര്‍ഷത്തിന്റെ വേര്‍പാടിനൊപ്പം ഒരു പുതു വത്സരത്തിന്റെ ആഗമനത്തെക്കുറിച്ചും ഡിസംബര്‍ നമ്മോടു പറയുന്നുണ്ട്. മനുഷ്യനിലെ നന്മയുടെ ഉറവ വറ്റാത്തിടത്തോളം കാലം ഓരോ പുതുവത്സരവും പ്രതീക്ഷകളുടെത് കൂടിയാണ്. നൂറ്റാണ്ടുകള്‍ക്കു അപ്പുറത്ത് നിന്ന് മഹാ മനീഷികള്‍ ഇന്നും മനുഷ്യ കുലത്തോട് സംവദിക്കുന്നുണ്ട്. നേരും നെറിയുമുള്ള ജീവിത കാഴ്ചപ്പാട് കൊണ്ടും ബന്ദങ്ങളുടെയും
സൌഹൃദങ്ങളുടെയും സാന്ത്വനത്തില്‍ അലിഞ്ഞു ചേര്‍ന്നും അനാദിയായ ദൈവത്തിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ചും നാം മനസ്സിന്റെ ജാലകം മലര്‍ക്കെ തുറന്നിടുക. വിരഹത്തിന്റെ കണ്ണീര്‍ തുള്ളികളെ സമാഗമത്തിന്റെ ആനന്ദാശ്രുക്കള്‍ കൊണ്ട് നമുക്ക് മറികടക്കാം.
                                        പുതുവത്സരാശംസകള്‍.

                                                          *** *** ***