Friday, 9 December 2011

സില്ക്ക് സ്മിതയും തങ്ങളും

അന്ന് രാത്രി ഏറെ വൈകിയാണ് തങ്ങള്‍ ഫ്ലാറ്റിലേക്ക് കയറി വന്നത്. പിറ്റെ ദിവസം വാരാന്ത്യ അവധിയായത്‌ കൊണ്ട് ഓരോ നേരമ്പോക്കുകള്‍ പറഞ്ഞിരിക്കുകയാണ് ഞങ്ങള്‍ സഹമുറിയന്മാര്‍.

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണത്. വാരാന്ത്യത്തിലെ ഒരവധി ദിനം സ്വപ്നം കണ്ടാണ്‌ ഒരാഴ്ചക്കാലത്തെ ജോലിയുടെ ക്ലേശവും മടുപ്പും പ്രവാസികള്‍ മറി കടക്കുന്നത്‌. ഇന്നത്തെപ്പോലെചാനലുകളുടെയും റിയാലിറ്റി ഷോകളുടെയും ബഹളമില്ല.

എന്തോ കുശലം പറഞ്ഞ് തങ്ങള്‍ ധൃതിയില്‍ മുറിയിലേക്ക് കയറിപ്പോയി. കയ്യില്‍ ഏതോ വാരിക ചുരുട്ടിപ്പിടിച്ചിരുന്നത് ഞാന് ശ്രദ്ധിച്ചിരുന്നു. പിന്നാലെ ഞാനും ചെന്നു. ഏതാണ് വാരികയെന്നു ചോദിച്ചപ്പോള്‍ വാരിക എന്നില്‍ നിന്ന് മറക്കാന്‍ ചെറിയൊരു വിഫല ശ്രമം. വാരിക പിടിച്ചു വാങ്ങി നിവര്ത്തി നോക്കിയപ്പോള്‍ സില്ക്ക് സ്മിതയുടെ പൂര്‍ണകായ ചിത്രമുള്ള നാന സിനിമാ വാരിക. സില്‍ക്ക് സ്മിതയുടെ മരണ വാര്‍ത്തയുമായി ഇറങ്ങിയ ലക്കമായിരുന്നു അത്.

ഞാന്‍ അമ്പരന്നു പോയി. ഏതാനും ദിവസങ്ങള്ക്കു മുന്‍പ് തങ്ങള്‍ മത സംബന്ധമായൊരു ക്ലാസ്സിനു നേതൃത്വം കൊടുക്കുന്നത് ഞാന്‍ കണ്ടതാണ്. ആള്‍ ചില്ലറക്കാരനല്ല. നബി തിരുമേനിയുടെ വിശുദ്ധ കുടുംബ പരമ്പരയില്‍ പെട്ടതെന്ന് അവകാശപ്പെടുന്ന കേരളത്തിലെ ഒരു പ്രമുഖ സയ്യിദ് കുടുംബത്തിലെ സീമന്ത പുത്രന്‍. തങ്ങള്‍ എന്ന് തന്നെയാണ് എല്ലാവരും വിളിക്കുന്നതും.

സിനിമ കാണുന്നതില്‍ പോലും തെല്ലും താല്പര്യം കാണിക്കാത്ത തങ്ങള്‍ ഒരു സിനിമാ വാരിക വാങ്ങി വന്നതിനു പിറകിലെ താല്പര്യം എത്രയാലോചിച്ചിട്ടും എനിക്ക് പിടി കിട്ടുന്നില്ല. ഇതിപ്പോ..സില്ക്ക് തങ്ങളായല്ലോ എന്ന എന്‍റെ കമന്റു തങ്ങള്‍ ഏറെ ആസ്വദിച്ചു ചിരിച്ചു.

സ്കൂള്‍ പഠനം പൂര്ത്തിയാക്കും മുമ്പേ വീടിന്റെ സുരക്ഷിതത്വത്തില്‍ നിന്നും പുറപ്പെട്ടു പോയി ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ അലഞ്ഞു തിരിഞ്ഞൊരു ചരിത്രമുണ്ട് തങ്ങള്ക്ക്. ഇതില്‍ ഏറെക്കാലവും ബോംബെയിലായിരുന്നു, കുറച്ചു കാലം മദ്രാസിലും. തീര്ത്തും സ്വതന്ത്രവും അരാജകവുമായ ഊടു വഴികളിലൂടെ സഞ്ചരിക്കുന്നതായിരുന്നു അന്നത്തെ ജീവിത കാലം.

പല തൊഴിലുകളും ചെയ്തു, ധന സമ്പാദനത്തിനു പല ബിസിനസുകളും പരീക്ഷിച്ചു. ഒന്നിലും കാര്യമായ പുരോഗതിയില്ല. കിട്ടിയത് കൊണ്ട് അര്‍മാദിക്കുന്ന  ജീവിതവും. ഒരേ സമയം അപകടകരവും അമ്പരപ്പിക്കുന്നതുമായ അനുഭവങ്ങളിലൂടെ കടന്നു പോയ ആ ജീവിതത്തിനു മാല്ക്കം എക്സിന്‍റെ ആദ്യ കാല ജീവിതവുമായി ഏറെ സാമ്യമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഈ ചെറിയൊരു കുറിപ്പില്‍ ആ കഥയുടെ കൈ വഴികളില്‍ കൂടി പോലും കയറിയിറങ്ങാനാവില്ല. ഇവിടത്തെ വിഷയവുമതല്ല. നമുക്ക് സില്‍ക്കിലേക്കും തങ്ങളിലെക്കും മടങ്ങാം.

ആന്ദ്ര പ്രദേശില്‍ നിന്നും സിനിമാ മോഹവുമായി കോടമ്പാക്കത്ത് വന്നു തമ്പടിച്ച്, ആന്‍റണിയുടെ ഇണയെത്തേടി എന്ന കന്നി ചിത്രത്തിലൂടെ പ്രശസ്തയായ വിജയലക്ഷ്മിയാണ് സില്ക്ി‌ സ്മിതയായി ഒരു കാലത്ത് തെന്നിന്ത്യന് വെള്ളിത്തിര അടക്കി വാണത്. ഒരു നിശാ ശലഭത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു അവരുടെ ജീവിതം. തെന്നിന്ത്യന് സിനിമകളിലെ മാദകസൗന്ദര്യത്തിന്‍റെ അവസാന വാക്കായി മാറിയ അവരുടെ മാദക നൃത്ത രംഗങ്ങള്‍ കണ്ടാസ്വദിക്കാന്‍ പുരുഷാരം തിയേറ്റരുകളിലേക്ക് ഇരമ്പിയെത്തി. സില്ക്കിന്റെ അംഗ വിക്ഷേപങ്ങളില്‍ പുരുഷാരം എരി പൊരി കൊണ്ടു. അവരുടെ സീല്ക്കാരം യുവാക്കളുടെ സിരകളെ പൊള്ളിച്ചു. അവരുടെ ഒരു നൃത്ത രംഗത്തിനു വേണ്ടി സംവിധായകര്‍ സില്‍ക്കിന്‍റെ വീട്ടു പടിക്കല്‍ കാത്തു കിടന്നു.

മദ്രാസ്‌ ജീവിത കാലത്ത് യാദൃശ്ചികമായാണ് തങ്ങള്‍ സില്‍ക്‌ സ്മിതയെ പരിചയപ്പെടാനിടയാകുന്നത്. രജനി കാന്തുമൊത്ത് സില്ക്‌ അഭിനയിക്കുന്ന ഒരു ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു അത്. ആ ബന്ധം പതുക്കെ വളര്ന്നു വലുതായി. അസാധാരണമായൊരു സൗഹൃദം അവര്ക്കിടയില്‍ രൂപപ്പെട്ടു. സില്‍ക്കിന്‍റെ നിറഞ്ഞ മടിശ്ശീല തങ്ങളുടെ സാമ്പത്തിക പ്രാരാബ്ധങ്ങള്‍ ശമിപ്പിക്കുന്നതിലേക്ക് വരെ ആ ബന്ധം വളര്ന്നു . സുമുഖനായ തങ്ങള്‍ ആകര്ഷകമായ പെരുമാറ്റത്തിലൂടെ തമിഴ് സിനിമ രംഗത്തുണ്ടാക്കിയ പല ബന്ധങ്ങളില്‍ ഒന്ന് മാത്രമായിരുന്നു സ്മിതയുടേത്.

കാലം മാറി. തെന്നിന്ത്യന് സിനിമയിലെ മാദക റാണി എന്ന പദവി സ്മിതയ്ക്ക് പതുക്കെ നഷ്ടമായി. തങ്ങളുടെ ജീവിതമാകട്ടെ മാനസാന്തരത്തിന്റെ പുതിയ വഴികളിലൂടെ ഒഴുകാന്‍ തുടങ്ങി.അനുഷ്oന മതത്തിന്‍റെ കണിശമായ ചിട്ടവട്ടങ്ങളിലേക്ക് അത് പരിവര്ത്തിക്കപ്പെട്ടു. ഒരിടവേളയില്‍ മതത്തിന്റെ് തീവ്ര പാരായണത്തിലേക്ക് അത് വ്യതിചലിച്ചു.  വിവാഹിതനായ ശേഷം സാമ്പത്തിക സുരക്ഷിതത്വം തേടി സൗദിയിലെത്തിയതാണ്.

ആയിടെയാണ് സില്‍ക്‌ സ്മിത ആത്മഹത്യ ചെയ്തത്. 1996  സെപ്തംബര്‍ ഇരുപത്തി മൂന്നിന്.സിനിമാ നിര്മ്മാണത്തിന്റെ അതിമോഹങ്ങളിലേക്ക് എടുത്തു ചാടിയപ്പോഴുണ്ടായ സാമ്പത്തിക നഷ്ടവും ദുരൂഹമായ മറ്റു ചില കാരണങ്ങളുമാണ് സ്മിതയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു. സില്ക്കിന്റെ മരണം തങ്ങളെ ഏറെ നൊമ്പരപ്പെടുത്തിയെന്നു എനിക്ക് മനസ്സിലായി. അര്‍മാദിച്ചു നടന്ന പഴയ കാലത്തിന്‍റെ പടം പൊഴിച്ച് അനുസരണയുള്ള ഒരു മതാനുയായിയുടെ ആവരണമണിഞ്ഞെങ്കിലും ഒരു പഴയ കാല ബന്ധത്തിന്‍റെ ഓര്‍മകളില്‍ തങ്ങളൊരു പച്ച മനുഷ്യനായി. മസൃണമായ ഭൂത കാല സ്മരണകളെ താലോലിച്ചു കൊണ്ട് തങ്ങള്‍ മനസ്സ് കൊണ്ട് സില്ക്‌ സ്മിതയ്ക്ക് അന്തിമോപചാരമര്പ്പിച്ചപ്പോള്‍ കപട ഭാവങ്ങ ളില്ലാത്തൊരു മനസ്സിനെ ഞാന്‍ മുന്നില്‍ കണ്ടു. ഇയാളൊരു വേറിട്ട കാഴ്ച്ചയാണല്ലോ എന്ന് അന്ന് മുതലാണെനിക്ക് തോന്നിത്തുടങ്ങിയത്. പിന്നീടാണ് ഞാന്‍ തങ്ങളുടെ ഭൂത കാലത്തിലൂടെ നെടുകെയും കുറുകെയും ഒരു പാട് സഞ്ചരിച്ചതും രസകരമായൊരു സൌഹൃദ ബന്ധത്തിലേക്ക് അത് വികസിച്ചതും. ഇതിനിടയില്‍ പല ബിസിനസുകളും പരീക്ഷിച്ചു പരാജയം സമ്മതിച്ച തങ്ങള്‍ പ്രവാസ ജീവിതം തന്നെ ഉപേക്ഷിച്ചു പോയി. കൂടുതല്‍ വിചിത്രമായ വഴികളിലേക്ക് ആ ജീവിതം വഴി മാറി ഒഴുകാന്‍ തുടങ്ങി. അത് വേറൊരു കഥ. കാലം വ്യക്തികളിലും സമൂഹങ്ങളിലും വരുത്തുന്ന മാറ്റങ്ങള്‍ പലപ്പോഴും പ്രവചനാതീതങ്ങളാണ്.

സില്ക്ക് സ്മിതയെക്കുറിച്ചു ഏക്താ കപൂര്‍ നിര്മ്മിച്ച്‌ മിലന്‍ ലൂത്രിയ സംവിധാനം ചെയ്ത ഡര്ട്ടി പിക്ചര്‍ എന്ന സിനിമ പ്രദര്‍ശനത്തിനെത്തുന്നു  എന്ന വാര്ത്ത് കണ്ടപ്പോഴാണ് സില്ക്ക് സ്മിതയും തങ്ങളും പൊടുന്നനെ എന്‍റെ ഓര്മയിലേക്ക് കയറി വന്നത്.