Thursday, 9 September 2010

നോമ്പ് വിചാരം

ഏറെ വാശി പിടിച്ച ശേഷമാണ് ജീവിതത്തിലെ ആദ്യത്തെ നോമ്പിന് അവസരമുണ്ടായത്. മുതിര്‍ന്നവരോടൊപ്പം പുലര്‍ച്ചെ എഴുന്നേറ്റു അത്താഴം കഴിച്ച ശേഷം വല്ലിമ്മ നിയ്യത്ത്‌ ചൊല്ലിത്തന്നു."നവൈതു സൌമ ഒദിന്‍......"ബാല്യത്തിന്റെ കുസൃതികളില്‍ നന്നെ ചെറുതെന്ന് തോന്നിയിരുന്ന പകലിനു ഇത്ര നീളമുണ്ടെന്നു മനസ്സിലാകുന്നത്‌ അന്നാണ്.ഒരു കടല്‍ കുടിച്ചു വറ്റിക്കാനുള്ള ദാഹം.അടുക്കളയില്‍ എല്ലാവര്‍ക്കുമായി തയ്യാറാക്കി വെച്ച നേരിയ പത്തിരിയും ഇറച്ചിക്കറിയും എന്റെ ചെറിയ വയറിനു തന്നെ തികയുമോ എന്ന ബേജാറ്.പച്ച മാങ്ങ മുതല്‍ മിട്ടായി വരെ വൈകുന്നെരത്തെക്ക് വേണ്ടി സൂക്ഷിച്ചു വെച്ചിട്ടുണ്ട്.ഇരുന്നും കിടന്നും അടുക്കളയിലെക്കെത്തി നോക്കിയും,ഏറെ ദീര്‍ഘിച്ച ആ പകല്‍ അവസാനം അസ്തമയത്തിലൊടുങ്ങി. അന്നത്തെ മഗിരിബു ബാങ്ക് കേട്ടപ്പോഴുണ്ടായ സന്തോഷം പിന്നീടൊരു ബാങ്ക് കേട്ടപ്പോഴും ജീവിതത്തിലുണ്ടായിട്ടില്ല. ഉദാത്തമായൊരു ലക്ഷ്യത്തിനു വേണ്ടി മുമ്പിലുള്ള ചിലത് ത്യജിക്കാനുള്ള ത്യാഗബോധം കുട്ടികളുടെ ഉപബോധ മനസ്സിലെങ്കിലും നോമ്പ് അവശേഷിപ്പിക്കുന്നുണ്ട്.

മത പ്രഭാഷണം, പശ്ചാത്താപ പ്രാര്‍ത്ഥന (തൌബ) തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് നോമ്പ് കാലത്തെ ഓര്‍മ്മകളില്‍ പലതും. ജുമുഅത്ത് പള്ളിയില്‍ ദുഹുര്‍-അസര്‍ നമസ്കാരങ്ങള്‍ക്ക് ശേഷം പ്രത്യക ഉറുദികള്‍ ഉണ്ടാകും.വഅള് പറഞ്ഞു പഠിക്കുന്ന മുസ്ലിയാര്‍ കുട്ടികളുടെ പരിശീലനക്കളരിയാണ് പ്രധാനമായും ഈ മത പ്രഭാഷണങ്ങള്‍. നമസ്കാരം കഴിഞ്ഞ ഉടനെ എഴുന്നേറ്റു നിന്ന് ഈണത്തില്‍ അറബി ബൈത്ത് ചൊല്ലുന്ന കുഞ്ഞു പ്രാസംഗികര്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റും. കുട്ടികള്‍ക്കൊരു പ്രോല്‍സാഹനമാകട്ടെ എന്ന് കരുതി മുതിര്‍ന്നവരൊക്കെ കേള്‍വിക്കാരായി മുന്നിലിരുന്നു കൊടുക്കും. പ്രഭാഷണം തീരുമ്പോഴേക്കും കുഞ്ഞു മുസ്ലിയാരുടെ മുന്നില്‍ വിരിച്ച വെളുത്ത മുണ്ടില്‍ അത്ര മോശമല്ലാത്തൊരു സംഖ്യയും ഒത്തിരിക്കും.

പകല്‍ പരിശീലനത്തിനിറങ്ങുന്ന കുട്ടികളുടെതാണെങ്കില്‍ രാത്രി കളരിയില്‍ പയറ്റിത്തെളിഞ്ഞ പ്രഭാഷകരുടെതാണ്. വഅള് തുടങ്ങുന്നതിനു ഏതാണ്ട് അര മണിക്കൂര്‍ മുമ്പ് തന്നെ 'മൌലായ സ്വല്ലി വാ....സാ..' എന്ന് തുടങ്ങുന്ന അറബി ബൈത്ത് സ്റ്റെജില്‍ തുടങ്ങിയിട്ടുണ്ടാവും. പ്രത്യേകം ചിലരാണ് ഈ ബൈത്ത് ചെല്ലാന് ‍സ്റ്റെജില്‍ സ്ഥിരമായെത്തുന്നത്. ഈ രംഗത്തുള്ള പതിവും പ്രാഗത്ഭ്യവും കാരണം ഞങ്ങളുടെ അയല്‍ പ്രദേശത്തുള്ളോലാള്‍ക്ക് 'മൌലായ' എന്ന വിളിപ്പേര് തന്നെ കിട്ടി എന്ന് കേട്ടിട്ടുണ്ട്.

വേനല്ക്കാലമാണെങ്കില്‍ പറമ്പിലും പാടത്തും പുഴയിലെ മണല്‍ പരപ്പിലുമൊക്കെ മത പ്രസംഗ വേദികള്‍ ഉയരും. തറാവീഹു നമസ്കാര സമയം കഴിയുന്നതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികളുടെ നിര വരി വരിയായി കലപില കൂട്ടി വഅള് സദസ്സിലേക്ക് നടന്നു നീങ്ങുന്ന കാഴ്ച സാധാരണമായിരുന്നു. ആത്മീയ ദാഹം ശമിപ്പിക്കുന്നതിലേറെ സ്വൈരമായി പുറത്തിറങ്ങാനുള്ള ഒരവസരമായാണ് സ്ത്രീകള്‍ ഈ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്തുന്നത്. സദസ്സിന്റെ കാണാ മറയത്താണ് ഇരിപ്പിടമെങ്കിലും നാട്ടില്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ഒരേയൊരു പബ്ലിക് പ്രോഗ്രാമായിരിക്കും വഅള് സദസ്സുകള്‍. ഇന്നും ആ അവസ്ഥക്ക് കാര്യമായ മാറ്റം വന്നിട്ടില്ല. ഉസ്താദിന്റെ ശൈലിയൊപ്പിച്ച പ്രഭാഷണത്തിലെ പരലോക വര്‍ണനകള്‍ക്ക് കാതു കൂര്‍പ്പിക്കുന്ന പുരുഷാരം പരലോക ജീവിതത്തിന്റെ ഉത്‌ക്കണ്ടക്കും ഇഹലോക ജീവിതത്തിന്റെ മോഹക്കാഴ്ചകള്‍ക്കുമിടയില്‍ കുറച്ചു നേരംവീര്‍പ്പുമുട്ടും. പിന്നെ സാധാരണ ജീവിതത്തിലേക്ക് തന്നെ മടങ്ങും

വിശ്വാസികള്‍ സംഭാവന ചെയ്ത പല വസ്തുക്കളും വഅളിന് ശേഷമാണ് ലേലത്തിനു വെക്കുന്നത്. ഉസ്താദിന്റെ ദീര്‍ഘിച്ച പ്രഭാഷണവും പ്രാര്‍ഥനയും ലേലം വിളിയും കഴിയുമ്പോഴേക്കും സമയം ഏതാണ്ട് അത്താഴത്തിനു പാകമായിരിക്കും.

റമദാന്റെ ഇരുപത്തേഴാം രാവില്‍ നടക്കാറുള്ള അലവിക്കുട്ടി മുസ്ലിയാരുടെ തൌബ സദസ്സ് ഇന്നും ഓര്‍മയില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്.ഗ്രാമത്തിലെ പഴയൊരു തറവാട് വീട്ടിലാണ് തൌബ നടക്കുക.വല്ലിമ്മയുടെ കൂടെയാണ് തൌബക്ക് പോകുന്നത്.അലവിക്കുട്ടി മുസ്ലിയാര്‍ ഒരു മുറിയിലിരുന്നു തൌബയുടെ വചനങ്ങള്‍ പ്രത്യേക ഈണത്തില്‍ ഭക്തിയോടെ ഉരുവിടും. തൊട്ടടുത്ത ഹാളിലിരുന്നു സ്ത്രീകള്‍ തങ്ങളുടെ കയ്യിലുള്ള അറബി മലയാളം ഏടിന്റെ സഹായത്തോടെ പ്രസ്തുത വചനങ്ങള്‍ ഭയ ഭക്തിയോടെ ഏറ്റു ചൊല്ലും.കറുത്ത തുണിയുടുത്ത പ്രായം ചെന്ന സ്ത്രീകളാണ് കാര്യമായി സദസ്സിലുണ്ടാവുക. ഇനിയും ഒരു പാട് കാലം പ്രലോഭനങ്ങള്‍ നിറഞ്ഞ ഈ ദുനിയാവില്‍ ജീവിക്കാനുള്ളത് കൊണ്ട് ഇത്ര ചെറുപ്പത്തിലെ തൌബ ചെയ്യുന്നതില്‍ വലിയ കാര്യമില്ലെന്ന് ചെറുപ്പക്കാരികളായ സ്ത്രീകള്‍ കരുതിക്കാണണം.തൌബക്ക് പോകുമ്പോള്‍ വല്ലിമ്മയുടെ തുണിയുടെ കോന്തലയില്‍ ചെറിയൊരു സംഖ്യ കെട്ടി വച്ചിരിക്കും.തൌബ കഴിയുമ്പോള്‍ അലവിക്കുട്ടി മുസ്ലിയാര്‍ക്ക് കൊടുക്കാനുള്ളതാനത്.

ഇരുപത്തേഴാം രാവിനു എല്ലാ വീടുകളിലും വിവിധങ്ങളായ അപ്പങ്ങള്‍ ഉണ്ടാക്കി ഒരു ഭാഗം ജുമുഅത്ത് പള്ളിയിലേക്കും കൊടുത്തയക്കും.അന്ന് പള്ളിയുടെ പൂമുഖത്ത് അപ്പത്തരങ്ങളുടെ കൂമ്പാരം തന്നെ രൂപപ്പെടും.അപ്പങ്ങളുടെ വരവ് മഗരിബ് നമസ്കാരത്തോടെ ഏതാണ്ട് പൂര്‍ണമാകും,പിന്നീട് ഇതിന്റെ വിതരണമാണ്. ഞങ്ങളുടെ ജുമുഅത്ത് പള്ളിയിലെ മുക്രിത്രയത്തിലെ മൂന്നാമനായ സൈതാലി മുല്ലക്കായിരുന്നു അപ്പങ്ങളുടെ ശേഖരണതിന്റെയും വിതരണത്തിന്റെയും ചാര്‍ജു.സൈതാലി മുല്ലാക്കാന്റെ കണ്ണ് വെട്ടിച്ചു അപ്പം മോഷ്ടിക്കുന്നത് കുട്ടികള്‍ക്കൊരു നേരം പോക്കാണ്.അതിനു തടയിടാനെന്ന വണ്ണം മുക്രിമാരില്‍ പ്രതാപിയും ദീര്‍ഘ കായനുമായ ആലിക്കുട്ടി മുല്ലാക്ക ഇടയ്ക്കു ആ പരിസരത്തൊന്നു റോന്തു ചുറ്റും.

നോമ്പിനു പരിസമാപ്തി കുറിച്ച് വരുന്ന പെരുന്നാളായിരുന്നു അന്ന് എല്ലാ കുട്ടികളും കാത്തിരുന്നു അനുഭവിച്ചിരുന്നൊരു സുദിനം.പെരുന്നാളിന്റെ പുതു വസ്ത്രവും വിഭവങ്ങളും വിരുന്നു സല്‍ക്കാരങ്ങളുമാണ് അന്നത്തെ കുട്ടികളുടെ മനസ്സില്‍ ആഘോഷത്തിന്റെ പൂത്തിരി കത്തിച്ചത്. ഇന്ന് ഇതൊന്നും ഭൂരിഭാഗം കുട്ടികള്‍ക്കും അത്ര പുതുമയുള്ള അനുഭവങ്ങളല്ലാത്തത് കൊണ്ട് ഇന്നത്തെ കുട്ടികള്‍ പെരുന്നാളിനെ മനസ്സില്‍ നിറഞ്ഞു തുളുമ്പുന്ന ഉത്സാഹ പ്രഹര്‍ഷത്തോടെ വരവേല്‍ക്കാറില്ലെന്നു വേണം കരുതാന്‍.

ശീതീകരിച്ച മുറിയില്‍ വിശപ്പും ദാഹവുമില്ലാതെ ഇന്ന് 'ഗള്‍ഫ്‌ നോമ്പ്',കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളില്‍ നാട്ടിലെ നോമ്പ് കാലം എങ്ങനെയെന്നറിയില്ല.ഏതായാലും അലവിക്കുട്ടി മുസ്ലിയാരും അദേഹത്തിന്റെ റെഡി മൈഡ് തൌബയും ഇന്നില്ല.ടെലിവിഷം ലൈവില്‍ മൈതാനത്തെ ഉത്സവതൌബയും സ്റ്റേജില്‍ ദൈവത്തിന്റെ പ്രതി പുരുഷന്മാരും.സ്ത്രീകളെ കാണുന്നേയില്ല. അവര്‍ കാഴ്ചപ്പുറത്തായിരിക്കും.പടച്ചവനേ...സ്ത്രീകളെ കാഴ്ച്ചപ്പുറത്തു നിര്‍ത്തി ഇത്രയധികം പുരുഷ കേസരികള്‍ തൌബ പാടിയിട്ടും മലപ്പുറം ജില്ലയിലെ പ്രൈവറ്റ് ബസ്സുകളിലെ മുന്‍ വാതിലിലെ തിരക്കിനു പോലും ഒരു കുറവ് വരുന്നില്ലല്ലോ!!