Thursday 8 July 2010

കുറിമാനങ്ങളില്‍ തളിരിടുന്ന പ്രണയാക്ഷരങ്ങള്‍

പ്രവാസിയുടെ വിരഹ വേദനയിലേക്ക് കാത്തിരിപ്പിന്റെ ആനന്ദം പകര്‍ന്നു നല്‍കുന്നവയായിരുന്നു ജന്മനാട്ടില്‍നിന്നും വരുന്ന കത്തുകള്‍.പ്രിയതമയുടെയോ പ്രണയിനിയുടെയോ കുറിമാനങ്ങളിലെ വരികള്‍ക്കിടയില്‍ ഒരിക്കലെങ്കിലും സ്വയം നഷ്ടപ്പെടാത്ത പ്രവാസികള്‍ അപൂര്‍വമായിരിക്കും. അക്ഷരങ്ങള്‍ സംഗീതം പൊഴിക്കുന്നതും വരികള്‍ക്കിടയില്‍ പരിദേവനങ്ങള്‍ അടുക്കി വെച്ചവയുമായിരുന്നു അവ.ഒന്നിച്ചു പങ്കിട്ട മുഹൂര്ത്തങ്ങളിലെ മധുരാനുഭവങ്ങള്‍ ആ അക്ഷരക്കൂട്ടുകളില്‍ നൃത്തമാടി. സ്നേഹാര്‍ദ്രമായ നിമിഷങ്ങള്‍ ചേര്‍ത്ത് വെച്ച് ഒരു വസന്താരാമം തീര്‍ക്കുന്നതിനിടയില്‍ അനിവാര്യമായൊരു വേര്‍പാടിന്റെ അമ്പരപ്പില്‍ അസ്വസ്ഥമായ കൌമാര മനസ്സുകളുടെ വിഹ്വലതകള്‍ ആ വരികളില്‍ വിങ്ങി നിന്നു. അലിവാര്‍ന്ന സാന്ത്വനങ്ങളും ഇളം മഞ്ഞിന്റെ കുളിരാര്‍ന്ന പ്രണയ മൊഴികളും മറു കുറിയില്‍ പ്രതീക്ഷിച്ചു എഴാം കടലിനക്കരെ ഒരു പാട് യവ്വനങ്ങള്‍ പോസ്റ്റുമാന്റെ പാദ പതനങ്ങള്‍ക്ക് കാതോര്‍ത്തു.

അനാഥമായിപ്പോകുന്ന താരുണ്യത്തിന്റെ വര്‍ണാഭമായ സ്വപ്നങ്ങള്‍ക്ക് വാക്കുകളിലൂടെയും വരികളിലൂടെയും നിറം ചാര്‍ത്താനുള്ള വിഫല ശ്രമങ്ങളായിരുന്നു പേജുകളില്‍ നിന്നും പേജുകളിലേക്ക് പരന്നൊഴുകിയത്.പ്രവാസി ദമ്പതികളുടെ കത്തുകളും മറുപടികളും സമാഹരിക്കപ്പെടുകയാണ് എങ്കില്‍ ഒരു പക്ഷെ പ്രസിദ്ധീകൃതമായ പ്രശസ്ത പ്രണയ ലേഖനങ്ങളെക്കാളും ജീവിതം തുടിച്ചു നില്‍ക്കുന്നവയായിരിക്കും അവ.ഏറെക്കാലം പ്രവാസിയായിരുന്ന എഴുത്തുകാരന്‍ ബാബു ഭരദ്വാജ് പ്രിയതമയുടെ കത്തുകള്‍ വര്‍ഷങ്ങളോളം നിധി പോലെ സൂക്ഷിച്ചു വെച്ചതിനെക്കുറിച്ചു ഒരിടത്ത് വാചാലനാകുന്നുണ്ട്. പ്രണയാതുരമായ ദിനരാത്രങ്ങള്‍ മനസ്സില്‍ വെള്ളവും വളവും നല്‍കി വളര്ത്താനാഗ്രഹിക്കാത്ത ഏതു മനുഷ്യനുണ്ടാകും?പലായനം ചെയ്യേണ്ടി വരുന്ന മനുഷ്യര്‍ക്ക്‌ എന്നും മധുരിക്കുന്ന ചില ഓര്‍മ്മകളാണ് കൂട്ടായുള്ളത്.അത്ര വിദൂരമല്ലാത്തതും ആസന്നമായതുമായ ചില സമാഗമങ്ങളെക്കുറിച്ചുള്ള കനവുകള്‍ അവന്റെ വഴിത്താരകളെ മൃദുലമാക്കുകയും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളെ വര്‍ണ ശബളമാക്കുകയും ചെയ്യുന്നു.

എണ്‍പതുകളില്‍ ഓരോ ഗള്‍ഫ്‌ വീടുകളില്‍ നിന്നും ടേപ് റിക്കോര്‍ഡറലൂടെ ഉയര്‍ന്നു കേട്ടൊരു ഗാനമുണ്ടായിരുന്നു. എസ്‌. എ. ജമീലിന്റെ കത്തും മറുപടിയും. പറന്നു തളര്‍ന്നിട്ടും ഇണയോടോത്ത് കൂടണയാന്‍ സാധിക്കാതെ നിസ്സഹായനായിപ്പോകുന്ന ഒരിണക്കിളിയുടെ വേദനയും വിങ്ങലും വമിപ്പിക്കുന്നവയായിരുന്നു അതിലെ വരികള്‍. ഇര തേടി കാതങ്ങള്‍ താണ്ടിയ ഒരു പാട് ആണ്‍ കിളികളുടെ രാവുകളെ ആ പാട്ടുകള്‍ നിദ്രാ വിഹീനങ്ങളാക്കി. വൃഥാവിലായിപ്പോകുന്ന തരുണ സ്വപ്നങ്ങളെ മനസ്സില്‍ ഖബറടക്കിയ ഒരു പാട് കാമിനികളുടെ അമര്‍ത്തിയ തേങ്ങലുകള്‍ കത്ത് പാട്ടിലെ വരികള്‍ക്ക് പശ്ചാത്തലമൊരുക്കി.കത്തും മറുപടിയും കേട്ട് ഒരു പാട് ഗള്‍ഫ്‌ ഭാര്യമാര്‍ എഴുതിയയച്ച പ്രതികരണങ്ങളെക്കുറിച്ച് ഈയിടെ ഡോക്ടര്‍ ഉമര്‍ തറമേല്‍ നടത്തിയ ഒരഭിമുഖത്തില്‍ ജമീല്‍ സൂചിപ്പിക്കുകയുണ്ടായി.

മുന്‍പൊക്കെ ഗള്‍ഫിലേക്കും തിരിച്ചും യാത്ര പറയുമ്പോള്‍ കത്തുണ്ടോ എന്നൊരു സ്ഥിരം ചോദ്യമുണ്ടായിരുന്നു .പെട്ടിയുടെ ഒരു ഭാഗത്ത് നിറയെ കത്തുകലുമായിട്ടായിരുന്നു അന്ന് എല്ലാവരുടെയും യാത്ര. ഒരു സമാന്തര തപാല്‍ സംവിധാനമായിരുന്നു അത്. മലയാളിയുടെ കൂട്ടായ്മയുടെയും സാമൂഹ്യ ബോധത്തിന്റെയും ഭാഗം തന്നെയായിരുന്നു ഈ കത്തുകളുടെ ശേഖരണവും വിതരണവും. ഗള്‍ഫ്‌ നാടുകളിലെ പല മലയാളി കടകളിലും കത്ത് പെട്ടികള്‍ തന്നെ സ്ഥാപിച്ചിരുന്നു.നാട്ടില്‍ പോകുന്ന സമയത്ത് നാട്ടുകാരുടെയും കൂട്ടുകാരുടെയും വീടുകള്‍ സന്നര്ശിക്കാനുള്ള ഒരുപാധി കൂടിയായിരുന്നു ഈ കത്തുകള്‍. ഇന്ന് മാര്‍ബിള്‍ കടയില്‍ നിന്നും പെയിന്റ് കടയിലേക്കും ജ്വല്ലറിയില്‍ നിന്നും തുണിക്കടയിലെക്കും ഓടിത്തളരുന്ന പ്രവാസി മലയാളിക്ക് വീട് സന്ദര്‍ശനത്തിനും പരിചയം പുതുക്കലിനും സമയമെവിടെ?കത്തുകള്‍ എഴുതാനും നമുക്ക് സമയമില്ലാതായി. അക്ഷരങ്ങളിലേക്ക് മനസ്സിന്റെ ജാലകം തുറന്നു വെക്കാനുള്ള നമ്മുടെ കഴിവില്ലായ്മയെ സമയക്കുറവില്‍ പഴി ചാരി രക്ഷപ്പെടുന്നു നമ്മള്‍.അപരാഹ്നങ്ങളില്‍ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന വിരഹിണികളുടെ നെടുവീര്‍പ്പുകള്‍ അക്ഷരങ്ങളിലൂടെ ഓരോ പ്രവാസിയേയും പിന്തുടരുന്ന കാലം അന്യമായിപ്പോവുകയാണോ?

ടെലി കമ്മ്യുനിക്കേഷനു രംഗത്തെ വന്‍ കുതിപ്പ് നമ്മുടെ ആശയ വിനിമയ മാര്‍ഗങ്ങളെ ബഹുദൂരം മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്. ലോകത്തിന്റെ ഏതു കോണില്‍ ഉള്ളവരും ഒരു വിളിപ്പാടകലെ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പുരോഗമിച്ചിട്ടുണ്ട്.പക്ഷെ ഈ വാമൊഴികള്‍ കേവലം വിവര കയ്മാററങ്ങളായി മാത്രം ചുരുങ്ങുന്നു എന്ന് നാമറിയുന്നില്ല. മനസ്സുകളുടെ ആര്‍ദ്രമായ ഭാവങ്ങള്‍ ഈ സംസാരങ്ങളില്‍ വിനിമയം ചെയ്യപ്പെടുന്നില്ല.വരമൊഴികളിലെ സ്പന്ദിക്കുന്ന മനോവ്യാപാരങ്ങള്‍ ഉമിത്തീ പോലെ കെടാതെ നില്‍ക്കുകയും ഏകാന്ത നിമിഷങ്ങളില്‍ ഊതിപ്പോലിപ്പിചെടുക്കാന്‍ സാധിക്കുകയും ചെയ്യുന്നു. അതിന്റെ ഇളം ചൂടില്‍ മതിമറന്നിരിക്കുക എത്ര ആസ്വോദ്യകരമാണ്. പങ്കു വെയ്ക്കപ്പെടാത്ത വികാര വിചാരങ്ങള്‍ ശുഷ്കിച്ചു പോവുകയും മനസ്സിനെ തരിശാക്കി മാറ്റുകയും ചെയ്യുന്നു.അടഞ്ഞ വാതിലുകള്‍ക്ക് പിറകിലെന്ന പോലെ അടഞ്ഞ മനസ്സുകള്‍ക്ക് മുന്‍പിലും മനുഷ്യന്‍ അന്യനായിപ്പോവുകയും കേവലം ശാരീരികമായ സാമീപ്യങ്ങള്‍ വൃഥാവിലായിപ്പോവുകയും ചെയ്യുന്നു.പ്രകടിപ്പിക്കാനാകാത്ത ഏതു സ്നേഹവും കൊയ്തെടുക്കനാവാത്ത വിളവു പോലെ ഉപയോഗശുന്യമാണെന്നു നാം തിരിച്ചറിയുക. വിരഹത്തിന്റെയും സഹനത്തിന്റെയും വേദനകളെ മറികടക്കാന്‍ പ്രണയത്തിന്റെ നിറക്കൂട്ടുകളില്‍ ചാലിച്ചെടുത്ത അക്ഷരങ്ങളല്ലാതെ വേറെന്താണ് പ്രവാസിയുടെ കൂട്ടിനുണ്ടാവുക ?

                                     ( മലയാളം ന്യൂസ് ദിനപത്രം )

No comments:

Post a Comment