Monday 12 July 2010

'സുജീവന'ത്തില്‍ ഒരു പകല്‍

ഒരവധിക്കാലത്തിന്റെ പ്രതീക്ഷയും സ്വപ്നവും നെഞ്ചിലേറ്റിയാണ് ഓരോ പ്രവാസിയും ഗള്‍ഫിലെ ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നത്.വര്‍ഷത്തില്‍ ഒരു മാസത്തെ അവധിയുള്ളൂവെങ്കിലും ആ ദിവസങ്ങള്‍ എല്ലാ പ്രവാസികളെയും പോലെത്തന്നെ എനിക്കും ഉത്സവ ദിനങ്ങളാണ്. കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ട എണ്ണിത്തിട്ടപ്പെടുത്തിയ ദിനങ്ങള്‍ നാട് തെണ്ടാനിറങ്ങുക എന്നത് കുടുംബ കലഹമുണ്ടാക്കുവാന്‍ പര്യാപ്തമായ കാരണങ്ങളിലൊന്നാണെങ്കിലും ‍ഓരോ അവധിക്കാലത്തും,വ്യത്യസ്തമായി ജീവിക്കുന്ന ചില മനുഷ്യരെ കാണാനും അവരുടെ ജീവിതാനുഭവങ്ങള്‍ മനസ്സിലാക്കാനും ഏതാനും ദിവസങ്ങള്‍ മാറ്റി വെക്കാറുണ്ട്.സമൂഹത്തിന്റെ ദീനം പിടിച്ച മുഖ്യ ധാരയില്‍ നിന്നും അല്പം അകന്നു മാറി വേറിട്ട ജീവിത ശൈലിയും ചിന്തകളുമായി ജീവിക്കുന്ന ചില പച്ച മനുഷ്യര്‍.

കഴിഞ്ഞ അവധിക്കാലത്ത്‌ സുഹൃത്തുക്കളായ അനസ് ബാബുവിനും സയ്യിദ് അലി തങ്ങള്ക്കുമൊപ്പം എത്തിപ്പെട്ടത് ബഷീര്‍ മാഷിന്റെ സുജീവനത്തിലാണ്.മണ്ണാര്‍ക്കാട് കോളേജിനു സമീപം പയ്യനടം എന്ന സ്ഥലത്ത് കുന്തിപ്പുഴയുടെ തീരത്താണ് മാഷിന്റെ വാസം.മനസ്സിന് കുളിര്‍മ്മയേകുന്ന വിജനമായൊരു തുരുത്തില്‍ നഗരത്തിന്റെ എല്ലാ ബഹള-മാലിന്യങ്ങളില്‍ നിന്നുമകന്നു ബഷീര്‍ മാഷ്‌ ഒരു സൂഫിയെപ്പോലെ കഴിയുന്നു. കൂട്ടിനു ഭാര്യയുണ്ട്;പ്രകൃതിയുടെ സാന്ത്വനവും നന്മയുടെ തണലും തേടിച്ചെല്ലുന്ന ഒറ്റപ്പെട്ട സന്ദര്‍ശകരുണ്ട്.

ആധുനിക ജീവിത ശൈലിയുടേയും ഭക്ഷണ ക്രമത്തിന്റെയും സന്തതികളാണ് മിക്ക രോഗങ്ങളുമെന്നു ഉറച്ചു വിശ്വസിക്കുന്ന മാഷ് പ്രകൃതിയോടു ഒത്തിണങ്ങിപ്പോകുന്നൊരു ജീവിത രീതിയും ഭക്ഷണ ക്രമവുമാണ് സ്വീകരിച്ചിരിക്കുന്നത്. മധുവൂറുന്ന ചക്കച്ചുളയും തേങ്ങാപ്പൂളുമായി മാഷും ഭാര്യയും ഞങ്ങളെ സ്വീകരിച്ചു. പ്രകൃതി,മനുഷ്യന്‍, സംസ്കാരം തുടങ്ങിയ വിഷയങ്ങളില്‍ ഗൌരവവും നര്‍മവും ഇട കലര്‍ന്ന സംഭാഷണ ശകലങ്ങളിലൂടെ ആ പകല്‍ മധ്യാഹ്നത്തിലേക്ക് മുന്നേറി.പ്രകൃതി ജീവനവുമായി ബന്ധപ്പെട്ട്‌ മാഷിന്റെ അനുഭവങ്ങളും നിരീക്ഷണങ്ങളും കണ്ടെത്തലുകളും ഞങള്‍ കൌതുകത്തോടെ കേട്ടിരുന്നു.കൃഷിക്കുള്ള നിലമൊരിക്കലും ഉഴുതു മറിക്കുകയോ കിളച്ചു മറിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന് വിശ്വസിക്കുന്ന മാഷ്‌ ജൈവ കൃഷിയുടെ പ്രസക്തിയെക്കുറിച്ചു വിവരിക്കുന്ന 'ഒരീര്‍ക്കില്‍ വിപ്ലവം'എന്നൊരു പുസ്തകവും രചിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവങ്ങളില്‍നിന്നും‌,നടപ്പ് വിദ്യാഭ്യാസത്തിലെ അധ്യയന രീതികളെ വിമര്‍ശനാത്മകമായി വിലയിരുത്തിക്കൊണ്ട് അനുയോജ്യ വിദ്യാഭ്യാസം എന്നൊരു പുസ്തകവും രചിച്ചിട്ടുള്ള മാഷ് പ്രസ്തുത വിഷയത്തില്‍ മൌലികമായ ചില കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നയാളാണ്.

അര്‍ഥപൂര്‍ണമായൊരു പകലിന്റെ നിറവില്‍ നിറഞ്ഞ മനസ്സുമായാണ് അന്ന്   ഞങ്ങള്‍  സുജീവനത്തിന്റെ പടികളിറങ്ങിയത്.

No comments:

Post a Comment