Friday 9 July 2010

മലയാളിയുടെ ഉംറ വിസക്കാലം

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഒരു കാലത്ത് നാട്ടില്‍ വളര്‍ന്നു വരുന്ന ആണ്‍ മക്കളെക്കുറിച്ച് പ്രതീക്ഷാപൂര്‍വ്വം പറയുന്നൊരു വാചകമുണ്ടായിരുന്നു.'ഒന്ന് രണ്ടു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഉംറയടിക്കാനായി' എന്ന്. ഒരു പാട് മക്കള്‍ ചെറുപ്രായത്തില്‍ തന്നെ കുറഞ്ഞ ചെലവില്‍ ഒരു ഉംറ വിസ സംഘടിപ്പിച്ചു പിതാക്കന്മാരുടെ കൂട്ടിനെത്തുകയും ചെയ്തു. കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നിന്നും വന്നവരായിരുന്നു ഇവരില്‍ ഭൂരിഭാഗവും.ഒരു പാസ്പോര്‍ട്ടും തുച്ചം പണവുമായി ഏതു ട്രാവല്സില്‍ കയറിചെന്നാലും ദിവസങ്ങള്‍ക്കകം സൌദിയില്‍ എത്താനും ഉംറ വിസയില്‍ അനുവദിക്കപ്പെട്ട പരിമിത ദിവസങ്ങള്‍ കഴിഞ്ഞും ഏറെക്കാലം അനധികൃതമായി താമസിച്ചു ജോലി ചെയ്യാനും ഇത് സൗകര്യം നല്‍കി.

അനധികൃത താമസത്തിനിടയില്‍ പിടിക്കപ്പെട്ടാല്‍ ഏതാനും ദിവസങ്ങള്‍ ഡിപോര്‍ട്ടേഷന്‍ കേന്ദ്രത്തില്‍ കിടന്ന്‌ സൗജന്യമായി വിമാനമാര്‍ഗം ഇന്ത്യയിലെ ഏതെങ്കിലും വിമാനത്താവളത്തില്‍ ചെന്നിറങ്ങാമായിരുന്നു. ഇങ്ങനെ പല പ്രാവശ്യം ഉംറ വിസയിലെത്തി വര്‍ഷങ്ങളോളം ജോലി ചെയ്തു സൗജന്യമായി നാട്ടിലെത്തിയ എത്രയോ മലയാളികളുണ്ട്. വലിയൊരു സംഖ്യ മുടക്കി വിസ സംഘടിപ്പിച്ചു വേണം ഗള്‍ഫില്‍ എത്താനെന്നത് കൊണ്ട് കേരളത്തിലെ മധ്യ വര്‍ഗ്ഗ കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു ഗള്‍ഫില്‍ എത്തിപ്പെട്ടവരില്‍ ഏറിയ പങ്കും. ഗള്‍ഫിലേക്കുള്ള കുടിയേറ്റത്തിലും അങ്ങനെ പാവപ്പെട്ടവന്‍ പിറകിലായി. ഈ പശ്ചാത്തലത്തിലാണ് ഉംറ വിസ ഉപയോഗപ്പെടുത്തി ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള ഒരുപാട് പേര്‍ കൂടി മരുഭുമിയില്‍ സ്വര്‍ണ മത്സ്യം തിരയാന്‍ വന്നത്.

വന്നവരില്‍ പലരും പിന്നീട് ഒരു ജോലി വിസ സംഘടിപ്പിച്ചു വീണ്ടും വന്നു ഗള്‍ഫ്കാരുടെ മുഖ്യധാരയില്‍ ചേര്‍ന്നു. ഇന്ന് എല്ലാ ഗള്‍ഫുകാരെയും പോലെ മരുഭൂമിയിലെ മൃഗ തൃഷ്ണയാല്‍ ആകര്‍ഷിക്കപ്പെട്ടു മണല്‍ക്കാട്ടില്‍ അലയുന്നു,സ്വപ്‌നങ്ങള്‍ കൊണ്ട് പുതച്ച് നെടുവീര്‍പ്പുകളെ കെട്ടിപ്പിടിച്ചുറങ്ങുന്നു.

ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ താല്‍ക്കാലിക ജോലിക്കാരനായി ജോലി നോക്കുന്ന സമയം.ഓരോ ആഴ്ചയിലും രണ്ടു ദിവസങ്ങളില്‍ കോണ്‍സുലേറ്റ് ജീവനക്കാരുടെ ഒരു സംഘം ജിദ്ദയിലെ ഡിപോര്‍ട്ടേഷന്‍ സെന്ററില്‍ സന്ദര്‍ശനം നടത്തുന്ന പതിവുണ്ട്. അനധികൃത ഇന്ത്യക്കാരില്‍ നിന്നും പിടിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് എമര്‍ജെന്‍സി സര്‍ട്ടിഫികറ്റ് എന്ന താല്‍ക്കാലിക പാസ്പോര്‍ട്ട്‌ നല്‍കുന്നതിനാണ് ഈ സന്ദര്‍ശനം. ചൂടുള്ള കാലാവസ്ഥയില്‍ അത്ര സുഖകരമായ യാത്രയല്ലിത്. അതു കൊണ്ട് തന്നെ ഈ സംഘത്തില്‍ ചേരുന്നതില്‍ പലര്‍ക്കും വിമുഖതയാണ്‌. പുതുമ നിറഞ്ഞതും രസകരവുമായ അനുഭവങ്ങളില്‍ ചെന്നു ചാടാനുള്ള സഹജ പ്രേരണയാല്‍ ഈയുള്ളവന്‍ മിക്ക ദിവസങ്ങളിലും സംഘത്തില്‍ ചേര്‍ന്നു. സഹപ്രവര്‍ത്തകനായ കെ.പി. ഹിഷാം, നിനക്ക് പറ്റിയ പണിയാണെന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ചു.

അന്നത്തെ അസിസ്റ്റന്റ്റ് കോണ്‍സുല്‍ കരണ്‍ സിംഗിന്റെ നേതൃത്വത്തില്‍ മൂന്നോ നാലോ പേരടങ്ങുന്ന സംഘമാണ് ഉണ്ടാവുക.ഓരോ തടവുകാരനില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു എമര്‍ജെന്‍സി സര്‍ട്ടിഫിക്കറ്റിനു വേണ്ടി അപേക്ഷാ ഫോം തയ്യാറാക്കുന്നു.അടുത്ത സന്ദര്‍ശനത്തില്‍ അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.

ഒരു ദിവസം മേശക്കരികിലിരുന്നു ഓരോരുത്തരുടെ അപേക്ഷ പൂരിപ്പിക്കുകയാണ്.ഏറെ സമയമില്ലാത്തത് കൊണ്ട് തലയുയര്‍ത്തി നോക്കാതെ വരിയില്‍ മുന്നില്‍ നില്‍ക്കുന്ന ആളോട് എഴുതുന്നതിനിടക്ക് തന്നെ വിവരങ്ങള്‍ തിരക്കുകയാണ് പതിവ്. ജില്ല മലപ്പുറം എന്ന് പറയുമ്പോള്‍ വെറുതെ ഉപചോദ്യം തൊടുക്കും. 'മലപ്പുറത്തെവിടെ?' കരുവാരക്കുണ്ടെന്നോ കൊണ്ടോട്ടിയെന്നോ ചാപ്പനങ്ങാടിയെന്നോ പെട്ടെന്ന് മറുപടി വരും. അന്നും മലപ്പുറം എന്നു കേട്ടപ്പോള്‍ സ്ഥിരം ചോദ്യം തൊടുത്തു. മറുപടി വന്നു.'കോട്ടക്കല്‍','കൊട്ടക്കലെവിടെ?' 'പുതുപ്പറമ്പ്' തലയുയര്‍ത്തി നോക്കുമ്പോള്‍ ഞങ്ങളുടെ നാല് വീടുകള്‍ക്കപ്പുറത്തെ മുസ്ലിയാര്‍ കുഞ്ഞീതു കാക്കാന്റെ മകന്‍ മുഹമ്മദ്‌ ദീനഭാവം കലര്‍ന്ന അദ്ഭുതത്തോടെ എന്നെ നോക്കുന്നു. മുഹമ്മദ്‌ ഏറെ അന്തര്‍മുഖനും നിശ്ശബ്ദനുമായ പ്രകൃതമാണ്.എന്റെ അറിവില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ജോലി വിസയില്‍ത്തന്നെ മക്കത്ത് വന്നതാണ് മുഹമ്മദ്‌. ഞാന്‍ സംശയത്തോടെ അവനു നേരെ നോക്കി. മക്കയിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും വിസയുടെ എജന്റിനെക്കൊണ്ട് ഇക്കാമ സംഘടിപ്പിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല. റോഡിലൂടെ നടക്കുമ്പോള്‍ പോലീസ് പിടിയിലായതാണ്. ഭാര്യയുടെ ആഭരണങ്ങള്‍ പണയപ്പെടുത്തി ഭാഗ്യം തേടിയിറങ്ങിയ എന്റെ അയല്‍വാസിക്ക് ഭാഗ്യം വന്ന വഴി ഇങ്ങനെയാണ്. വനിതാ സെല്ലില്‍ ഒരിക്കല്‍ കണ്ടത് അരീക്കോട്ടുകാരി ഖദീജയെ. ഉംറ വിസയില്‍ വന്ന് അനധികൃതമായി താമസിക്കുന്നതിനിടയില്‍ പോലീസ് പിടിയിലായതാണ്. ആദ്യ ദിവസം കണ്ടപ്പോള്‍ ഏറെ പരിഭ്രാന്തിയിലായിരുന്നു ഖദീജ. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ പുതിയ ലോകം അവര്‍ക്ക് പരിചിതമായി.അകത്തുള്ള ഖദീജയെക്കാളും പുറത്തുള്ള ഭര്‍ത്താവാണ് ബേജാറിലായത്.ഉത്ക്കണ്ട്ടയുംവേവലാതിയും അയാളുടെ രാപ്പകലുകളെ പൊതിഞ്ഞു. ഏതാനും ദിവസങ്ങളെങ്കിലും അന്തിക്കൂട്ടിനു ഭാര്യയുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചപ്പോള്‍ അതിനിത്ര വില കൊടുക്കേണ്ടി വരുമെന്ന് അയാള്‍ ഒരിക്കലും ഓര്‍ത്തിട്ടുണ്ടാവില്ല.

അപ്രതീക്ഷിതമായി പോലീസ്‌ പിടിയിലായപ്പോള്‍ മാനസികമായി തളര്‍ന്നു പോയ റസാഖിനെ ഏറെ പണിപ്പെട്ടാണ് നാട്ടിലയച്ചത്. റസാഖ് പ്രീഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. വിവാഹപ്രായമെത്തിയ പെങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് അവന്റെ മനസ്സിനെ അരാജകമാക്കിയത്.

നാട്ടുകാരനും സുഹൃത്തുമായ ഷൌക്കത്തിനു ചെറിയൊരു മാനസികാസ്വാസ്ഥ്യം.റോഡിലൂടെ നടന്നു പോകുമ്പോള്‍ എതിരെ വന്ന പോലീസ് വണ്ടിക്കു ഷൌക്കത്ത് കൈ കാണിച്ചു നിര്‍ത്തിയത് പെട്ടെന്നായിരുന്നു. ഷൌക്കത്ത് വിസയുള്ളവനും നിയമപരമായി ജോലി ചെയ്യുന്നവനുമാണ്. പക്ഷെ ഞങ്ങളുടെ സുഹൃത്ത് കൂടെയുള്ള ആലിപ്പു അനധികൃതനാണ്. ആലിപ്പു ത്രിശങ്കുവിലായി. അവിടെ നില്‍ക്കാനും വയ്യ, സുഖമില്ലാത്ത സുഹൃത്തിനെ ഉപേക്ഷിച്ചു ഓടി രക്ഷപ്പെടാനും വയ്യ. വണ്ടി നിറുത്തി ഇറങ്ങി വന്ന പോലീസുകാരനോട്‌ ആലിപ്പുവിനെ ചൂണ്ടി ഷൌക്കത്ത് പറഞ്ഞു:"ഇവന്‍ ഉംറക്കാരനാണ്, എന്നാലും ഇവനെ പിടിക്കരുത്, എന്റെ നാട്ടുകാരനാണ്" . മനോനില തെറ്റിയവന്റെ അന്തക്കേടാണ് ഈ സംസാരമെന്നു കരുതിയ പോലീസ് സ്ഥലം വിട്ടപ്പോഴാണ് ഉംറക്കാരന് ശ്വാസം നേരെ വീണത്‌. അല്ലാഹുവിന്റെ തൌഫീഖ് കൊണ്ട്, ഒരു മാസത്തിനകം തന്നെ ജിദ്ദ ബലദിയ്യ ഓഫീസ്സിനു മുന്‍പില്‍ വാച്ചുകള്‍ കച്ചവടം ചെയ്ത ആലിപ്പുവിനെ പോലീസ് പൊക്കി. നാട്ടിലിരുന്നുണ്ണാന്‍ വകയുണ്ടായിട്ടും ഉംറ വിസക്ക് കയറിയ അവനെ പോലീസ് പിടിച്ചെന്നു കേട്ടപ്പോള്‍ അവന്റെ വീട്ടുകാര്‍ക്ക് പെരുത്ത സന്തോഷം,ഞങ്ങള്‍ നാട്ടുകാര്‍ക്ക് എന്നേക്കും ഒരു തമാശ.

അനധികൃത താമസക്കാരാരാവുന്ന ഉംറ വിസക്കാരെക്കുറിച്ചു സൌദിയിലെ മലയാളികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു പാട് കഥകളുണ്ട്. അതിലൊന്ന് ഇങ്ങനെ : നമസ്കാരത്തിനു പള്ളിയില്‍ കയറിയ ഉംറക്കാരന്‍ അംഗശുദ്ധി വരുത്തുന്നതിനിടയില്‍ അകലെ ഒരു പോലീസുകാരനെ കണ്ടു ചെറുതായൊന്നു നടുങ്ങി. അപ്പോള്‍ പള്ളിയില്‍ കയറി വന്ന നാലഞ്ചാളുകള്‍ക്ക് ഇമാമായി നില്‍ക്കേണ്ടി വന്നത് സംഗതി വശാല്‍ ഉംറക്കാരനാണ്. പള്ളിയില്‍ വെച്ച് പോലീസിന്റെ കണ്ണില്‍ പെടുമോ എന്ന വേവലാതിയോടെയാണ് കക്ഷി നമസ്കാരം തുടങ്ങുന്നത്.റുകൂഇല്‍ കാലുകള്‍ക്കിടയിലൂടെ നോക്കിയ ഇമാം കണ്ടത് പിന്നില്‍ തുടര്‍ന്ന് നമസ്കരിക്കുന്ന പോലീസുകാരനെ. സുജൂദില്‍ വെച്ച് ഇമാം പണി പറ്റിച്ചു. എല്ലാവരും സുജൂദിലായ സമയം ഇമാം പതുക്കെ സ്ഥലം വിട്ടു. കുറെ കഴിഞ്ഞു പിന്നില്‍ നമസ്കരിക്കുന്നവര്‍ പതുക്കെ തലയുയര്‍ത്തി നോക്കിയപ്പോള്‍ ഇമാമിനെ കാണാനില്ല. സ്വന്തം നിലക്ക് നമസ്കാരം പൂര്‍ത്തിയാക്കിയ അവര്‍ ഉത്ക്കണ്ടയോടെ ചുറ്റുപാടും ഇമാമിനെ പരതി.ചെറുപ്പക്കാരനായിരുന്ന പോലീസുകാരന്‍ ഊറിച്ചിരിച്ചുകൊണ്ട് പറഞ്ഞു :

'ഇമാം ഉംറക്കാരനായിരുന്നു, മക്കയിലേക്ക് ഉംറക്ക് പോയി'.

വേറൊരു കഥയില്‍ കുറ്റ്യാടിക്കാരന്‍ കുഞ്ഞബ്ദുല്ലയാണ് കഥാപാത്രം. പോലീസ് പിടിയില്പ്പെട്ടു നാട്ടില്‍ പോയ കുഞ്ഞബ്ദുള്ള ഒരു മാസത്തിനകം പുതിയ ഉംറ വിസയില്‍ എത്തി, മുന്‍പ് പിടിച്ച പോലീസുകാരന്റെ കയ്യില്‍ തന്നെ വീണ്ടും അകപ്പെട്ടപ്പോള്‍ പോലീസുകാരന്‍ വിസ്മയം കൂറിയത്‌ ഇങ്ങനെ : ഇന്ത്യയില്‍ ഇവടെത്തെക്കാളും വലിയ ചെക്കിംഗോ?

എല്ലാ കഥകളും അവസാനിക്കുകയാണ്. സൗദി ഗവണ്‍മെന്റ് അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയതോടെ ഉംറ വിസയിലെത്തി ഒരു ജോലി എന്ന മലയാളിയുടെ സ്വപ്നം ഏറെക്കുറെ അവസാനിച്ച മട്ടാണ്. ഇത്ര ലളിത മാര്‍ഗത്തിലൂടെയും നിര്‍ഭയമായും ഉപജീവനം തേടിപ്പോകാന്‍ മലയാളിക്ക് മുന്‍പില്‍ വേറെ ഏതു രാജ്യമുണ്ട്? എന്നിട്ടും ശുഭാപ്തി വിശ്വാസിയായ മലയാളി തല ചൊറിഞ്ഞ്‌ കൊണ്ട് പറയുന്നു: "എന്തെങ്കിലുമൊക്കെ വഴിയുണ്ടാകുമെന്നേ!"
                                           ( മാധ്യമം )

No comments:

Post a Comment