Friday 9 July 2010

കുരുത്തം കെട്ട പ്രവാസി സ്വയം അഭിമുഖപ്പെടുന്നു

ബഹുമുഖ വ്യക്തിത്വത്തിനുടമയും വിപ്ലവകാരിയുമായ ഒരു മനുഷ്യന്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇന്റര്‍വ്യൂ ചെയ്യപ്പെടെണ്ടതല്ലേ?അല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ കെ എന്ന് ടൈപ്പ് ചെയ്തു സ്പേസ് കൊടുത്തിട്ട് എന്‍ എന്നടിക്കുക.അതെ എന്നാണു ഉത്തരമെങ്കില്‍ തുടര്‍ന്ന് വായിക്കുക. ഈ വിനീതനായ ഞാന്‍ ആദരണീയനായ എന്നെത്തന്നെ ഇന്റര്‍വ്യൂ ചെയ്തു.

                                                      ഗള്‍ഫ്‌ ജീവിതം
സ്വയം തെരഞ്ഞെടുത്തതല്ല. വീടിനു എട്ടു കിലോമീറ്ററോളം പരിധിയിലുള്ള (അന്ന് ഇത്രയധികം ആളുകള്‍ പരിധിക്കു പുറത്തായിരുന്നില്ല)ലൈബ്രറേറിയന്മാരുമായി അവിഹിത ബന്ധം സ്ഥാപിക്കുക,കവിതാ പുസ്തകങ്ങള്‍ രഹസ്യമായി വീട്ടിലേക്കു ഒളിച്ചു കടത്തുക,ഇടക്ക് ബുദ്ധിജീവി ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി ബന്ധുക്കള്‍ ഗൂഡാലോചന നടത്തി നാടുകടത്തിയതാണ്.അച്ചടിമഷി പുരണ്ട കുരുത്തം കെട്ട ചില കുറിപ്പുകള്‍ കാട്ടി അവര്‍ പിതാവിന്റെ മേലൊപ്പ് വാങ്ങുകയും ചെയ്തു. അവര്‍ക്കെതിരെ പ്രോസിക്യുഷന്‍ നടപടിയെക്കുറിച്ച് ആലോചിക്കേണ്ട കാലമായപ്പോഴാണ് ഗൂഡാലോചനാ കുറ്റത്തിന്, കേരള യാത്ര നടത്തിയാല്‍ പാപ പരിഹാരമുണ്ടെന്ന പുതിയ നാട്ടു നടപ്പ് നാട്ടില്‍ നടപ്പിലായത്.
                                                      ദിനചര്യ
ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്നു (ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണരുന്നവന്‍ ബ്രാഹ്മണന്‍) ബാത്ത് റൂമിന് മുന്‍പില്‍ ഊഴം കാത്തു നില്‍ക്കുന്നതില്‍ ആരംഭിക്കുന്നു.മുഷിപ്പ് കൂടുമ്പോള്‍ ഉപയോഗമില്ലാത്ത നാല് ബാത്ത് അറ്റാചിഡു ബെഡ് റൂമുകള്‍ നാട്ടിലുള്ളത് ഓര്‍ത്തു സംതൃപ്തിയടയുന്നു.വാര്‍ത്തയിലെ ഹെഡ്ലൈന്‍ കണ്ടു കമ്പനി വണ്ടിക്കു പിറകെ പായുന്നു. പകല്‍സമയത്ത് കൊട്ടേഷന്‍, ഓര്‍ഡര്‍, ഷിപ്മെന്റ്, ഡെലിവറി, തുടങ്ങിയ വാക്കുകളില്‍ തട്ടിത്തടഞ്ഞു വൈകീട്ട് ടി.വി.യുടെ മുന്നിലേക്ക്‌ വീഴുന്നു. ഇടയ്ക്കു ഭാര്യയുടെ മിസ്സ്‌ട് കാള്‍ കണ്ടു വിവാഹിതനാണല്ലോ എന്ന യാഥാര്‍ത്ഥ്യം ഓര്‍ത്തു നടുങ്ങുന്നു.

                                                          പ്രായം
ഏതു വിപ്ലവകാരിക്കും നിത്യ യൌവ്വനമാണെന്നറിയില്ലേ? (ഏത് പത്രത്തില്‍ നിന്നാണ് വരുന്നത്? )എന്നാലും നര അതിക്രമിച്ചു വരുന്നത് കാണുമ്പോള്‍ കറുപ്പിനഴക് എന്നാ പാട്ട് പാടി മുടിക്ക് ചായം തേക്കുന്നു. ടി.വി.യില്‍ മുസ്ലി പവ്വറിന്റെ പരസ്യം കണ്ടു ആത്മ വിശ്വാസം വീണ്ടെടുക്കുന്നു.

                                                        കാഴ്ചപ്പാട്
അങ്ങിനെയൊന്നു ഇല്ലാത്തത് കൊണ്ട് സുഖമായി ജീവിച്ചു പോകുന്നു.എന്നിട്ടും ചില ഊശാന്താടിക്കാര്‍ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കി ഇടയ്ക്കു ശല്ല്യം ചെയ്യുന്നു. ബൊളീവിയന്‍ കാടുകളില്‍ ഫോറസ്റ്റ് ഗാര്‍ഡുകളുടെ വെടിയേറ്റ്‌ മരിച്ച ഒരു കറുത്ത താടിക്കാരന്‍,ഫ്രാന്‍സില്‍ പ്രവാസ ജീവിതം നയിച്ച്‌ സ്വന്തം നാട്ടിലെ രാജാക്കന്മാരുടെ പള്ളിയുറക്കം തടസ്സപ്പെടുത്തിയ ഒരു വെള്ളത്താടിക്കാരന്‍ എന്നിവരൊക്കെ ഈ സംഘത്തിലുണ്ട്.

                                                          തിരിച്ചു പോക്ക്
ഒരു വേദാന്തിയോടാണോ ചോദ്യം? ആരും ഇവിടെ വരികയോ തിരിച്ചു പോവുകയോ ചെയ്യുന്നില്ല. സൂഫി രാജാവിനോട് പറഞ്ഞു:"ഈ രാജ്യാധികാരം,കൊട്ടാരം, ആടയാഭരണങ്ങള്‍, ദീപാലങ്കാരങ്ങള്‍ ഒന്നും യാഥാര്‍ത്ഥ്യം അല്ല. അഞ്ജനായ മനുഷ്യന്റെ തോന്നല്‍ മാത്രം. അത് കൊണ്ട് അങ്ങ് ഈ ജീവിതം വലിച്ചെറിഞ്ഞു ഇറങ്ങിത്തിരിക്കുക.ജീവിതത്തിന്റെ അര്‍ഥമില്ലായ്മയില്‍ അര്‍ഥം തിരയുക". രാജാവ് കൂട്ടിലെ നായയെ അഴിച്ചുവിടാന്‍ ഭടന്മാരോട് കല്പിച്ചു. സൂഫിയുടെ പിന്നാലെ നായ, ശരവേഗത്തില്‍ സൂഫി. "ഇപ്പോള്‍ എങ്ങനെയുണ്ട്?ഇതെല്ലാം യഥാര്‍ഥത്തില്‍ ഉള്ളതാണോ? ഓട്ടത്തിനിടയില്‍ സൂഫി പ്രതികരിച്ചു:" മഹാരാജാവേ, എല്ലാം അങ്ങയുടെ തോന്നല്‍ മാത്രമാണ്. എന്റെ പിറകെ നായയുമില്ല, ഞാന്‍ ഓടുന്നുമില്ല". ഈ വിനീതന്‍ നാട്ടില്‍ നിന്നും പോന്നിട്ടുമില്ല, തിരിച്ച് എങ്ങോട്ടും പോകുന്നുമില്ല.

ഭാര്യയുടെ തുടരെയുള്ള മിസ്ഡ് കാളില്‍ ഈ അഭിമുഖം തടസ്സപ്പെടുന്നു.

                           ( മാധ്യമം) ‍

1 comment:

  1. കുരുത്തംകെട്ട പ്രവാസി -ബഷീറിന്‍റെ കാര്യത്തില്‍ അര്‍ത്ഥപൂര്‍ണമായ ഒരു പര്യായം,സ്വയം തിരിച്ചറിയുനിടാത്താണ് അതിന്റെ മഹത്വം

    ReplyDelete