Friday 16 July 2010

ചെങ്കടലിലെ തിരണ്ടി വേട്ട

"എന്താണത്?, എന്താണത്?" അല്പം അകലേയ്ക്ക് കൈ ചൂണ്ടിക്കൊണ്ട് ഭീതിയും വിസ്മയവും കലര്‍ന്ന സ്വരത്തിലാണ് കബീര്‍ സംസാരിക്കുന്നത്. ഏതാനും അടി അകലെ വെള്ളത്തിനടിയില്‍ പരന്നൊരു വസ്തു അവന്റെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഇപ്പോള്‍ ഞങ്ങള്‍ക്കും അവ്യക്തമായി കാണാം.മൊയ്തീന്‍ കാക്ക പെട്രോമാക്സ് ഒന്ന് കൂടി ഉയര്‍ത്തിപ്പിടിച്ചു.വൈകാതെ ഞങ്ങള്‍ക്ക് കാര്യം പിടി കിട്ടി. വലിയൊരു തിരണ്ടി മത്സ്യമാണ് ഞങ്ങള്‍ക്ക് മുന്നില്‍ പതുക്കെ നീങ്ങുന്നത്‌.

സമയം പുലര്‍ച്ചെ രണ്ടു മണിയോടടുക്കുന്നു. ജിദ്ദയില്‍ നിന്നും ഏകദേശം ഇരുപത്തഞ്ചു കിലോമീറ്റര്‍ തെക്കോട്ട്‌ മാറി അല്‍ഖുംറ എന്ന സ്ഥലത്ത് ചെങ്കടലില്‍ അരയ്ക്കു മീതെ വെള്ളത്തിലാണ് ഞങ്ങള്‍ നില്‍ക്കുന്നത്.ഇവിടെ കരയില്‍ നിന്നും ഒരു കിലോമീറ്ററിലധികം ദൂരം അത്ര ആഴമില്ലാത്ത ഭാഗമാണ്.ഞങ്ങള്‍ നില്‍ക്കുന്നിടത്ത് നിന്ന് ഏതാനും അടി അകലെ ആഴക്കടലാണ്. പതിവ് പോലെ ഒരു വരാന്ത്യത്തില്‍ കടലില്‍ മീന്‍ പിടിക്കാനിറങ്ങിയതായിരുന്നു ഞങ്ങള്‍ നാലുപേര്‍.

സാധാരണ ഗതിയില്‍ രാത്രി പത്ത് മണിക്ക് കടലിലിറങ്ങിയാല്‍ പിറ്റേ ദിവസം രാവിലെ എട്ടു മണിക്കാണ് തിരിച്ചു കയറുന്നത്.അതിനിടയില്‍ വല്ലപ്പോഴും അല്‍പ സമയം കരയില്‍ വന്നു വിശ്രമിക്കും.രാത്രി തണുത്ത കാറ്റില്‍ വിറച്ചു നില്‍ക്കുമ്പോള്‍,നാട്ടില്‍ ധനുമാസക്കുളിരുള്ള രാത്രികളില്‍ പുഞ്ചപ്പാടത്ത് മീന്‍ പിടിച്ചു നടന്ന കൌമാര കാലം ഓര്‍മ വരും.മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ കടലിരമ്പം.

ടോര്‍ച്ചു, പെട്രോമാക്സ്, വല, ചൂണ്ടല്‍, ത്രിശൂലം, അത്യാവശ്യം വേണ്ട ഭക്ഷണം, വെള്ളം തുടങ്ങി സര്‍വ്വ സന്നാഹങ്ങളോടും കൂടിയാണ് യാത്ര.വെള്ളത്തിലിറങ്ങിയ ഉടനെ കണ്ടാടി വല വിരിക്കുന്നതോടെയാണ് പരിപാടിയുടെ ആരംഭം.പിറ്റേ ദിവസം സൂര്യോദയത്തിനു ശേഷം ഈ വലയെടുക്കുമ്പോള്‍ മിക്കവാറും ദിവസങ്ങളിലും കാര്യമായ ഫലസിദ്ധിയുണ്ടാകും.സീജാന്‍, ഖാസ്, എന്നീ ഇനം മത്സ്യങ്ങളാണ് ഇങ്ങനെ കൂടുതലും കിട്ടുന്നത്.അപൂര്‍വ്വം ദിവസങ്ങളില്‍ മാത്രം നിരാശയോടെ വല തിരിച്ചെടുക്കേണ്ടി വരും.വല വിരിച്ചു കഴിഞ്ഞാല്‍ പിന്നെ ചൂണ്ടയുടെ ഊഴമാണ്. അരക്ക് വള്ളത്തില്‍ നിന്ന് ഇര കോര്‍ത്ത്‌ ആഴക്കടലിലേയ്ക്കാണ് ചൂണ്ടയെറിയുന്നത്.

പ്രകൃതിയുടെ ആവാസ വ്യവസ്ഥയില്‍ സ്വന്തം വര്‍ഗ്ഗത്തില്‍ പെട്ടവരെത്തന്നെ ഇരയാക്കുന്ന പ്രവണത അപൂര്‍വ മായെങ്കിലുമുണ്ട്. ഇവിടെ മത്സ്യത്തെപ്പിടിക്കാന്‍ മറ്റു മത്സ്യങ്ങളെത്തന്നെയാണ് ഇരയാക്കുന്നത്. ജീവിതത്തിന്റെ ഭൌതിക സൌഭാഗ്യങ്ങളില്‍ അന്തമില്ലാത്ത ദുര പൂണ്ട മനുഷ്യന്‍ സ്വന്തം വര്‍ഗ്ഗത്തില്‍പ്പെട്ടവരെത്തന്നെ ഇരയാക്കുന്നത് ആധുനിക ജീവിതത്തിന്റെ മുഖ മുദ്രയാണല്ലോ!

ചൂണ്ടയെറിഞ്ഞു ഏതാനും മിനിറ്റുകള്‍ കാത്തു നില്‍ക്കേണ്ട ചൂണ്ടക്കൊളുത്തിലൊരു തിളങ്ങുന്ന മത്സ്യം പിടയാന്‍! വിവിധ വര്‍ണങ്ങളിലുള്ള മത്സ്യങ്ങള്‍ ചെങ്കടലില്‍ സുലഭമാണ്. അക്വാറിയങ്ങളില്‍ പോലും കാണാത്തത്ര വര്‍ണ വൈവിധ്യമുള്ള മത്സ്യങ്ങളാണ് പലപ്പോഴും ചൂണ്ടക്കൊളുത്തില്‍ പിടയുന്നത്. ശുഹൂര്‍, നാജില്‍ തുടങ്ങിയ മത്സ്യങ്ങള്‍ പ്രധാനമായും ചൂണ്ടയില്‍ ഇര തേടി വരുന്നു. സൂര്യോദയത്തോടെ വലിയ മത്സ്യങ്ങള്‍ ഏറെക്കുറെ ആഴക്കടലിലേക്ക് നീങ്ങുമെങ്കിലും കോലി മത്സ്യങ്ങള്‍ ആ സമയത്താണ് കൂട്ടമായി പ്രത്യക്ഷപ്പെടുന്നത്.കോലികള്‍ പൊതുവേ വെപ്രാളക്കാരാണ്,ഇര കണ്ടാല്‍ പെട്ടെന്ന് കൊത്തുകയും നാല് പാടും പരാക്രമം കാണിച്ചു ഓടിക്കളിക്കുകയും ചെയ്യുന്ന ഇവരില്‍ പലരും കരയ്ക്കെത്തുന്നതിനു മുമ്പേ രക്ഷപ്പെട്ടിരിക്കും. വെയില്‍ പരക്കുന്നതോടെ ചൂണ്ട ഏറെക്കുറെ ഉപയോഗശൂന്യമാകും.

എല്ലാ ദിവസങ്ങളിലും ചൂണ്ടയില്‍ കാര്യമായ പ്രതികരണം ഉണ്ടായെന്നു വരില്ല.അത്തരം സന്ദര്‍ഭങ്ങളില്‍ ത്രിശൂലമാണ് ശരണം. അര്‍ദ്ധരാത്രിയില്‍ വലിയ മത്സ്യങ്ങള്‍ വരെ കരയോടടുത്തു വരും. ആ സമയത്ത് അരയ്ക്കു താഴെ വെള്ളത്തിലാണ് ത്രിശൂലത്തിന്റെ രൂപത്തിലുള്ള നീളം കൂടിയ ഇരുമ്പു ദണ്ഡുമായി മീന്‍ വേട്ടക്കിറങ്ങുന്നത്. ടോര്‍ചിന്റെയോ പെട്രോമാക്സിന്റെയോ വെളിച്ചത്തില്‍ മത്സ്യത്തെ കണ്ടാല്‍ ഒറ്റക്കുത്തിന് മത്സ്യം ശൂലത്തില്‍ കിടന്നു പിടയും.ഇടത്തരം വലിപ്പമുള്ള മത്സ്യങ്ങളും ഞണ്ടുകളുമാണ് ഇങ്ങനെ കൂടുതലും കിട്ടുന്നത്.

അത്തരമൊരു സന്ദര്‍ഭത്തിലാണ് ഈ തിരണ്ടി ഞങ്ങളുടെ മുന്‍പില്‍ വന്നു പെട്ടിരിക്കുന്നത് ( ആ സമയത്തെ ഞങ്ങളുടെ വെപ്രാളം കണ്ടവര്‍ പറയുക ഞങ്ങള്‍ തിരണ്ടിക്ക് മുന്‍പില്‍ ചെന്ന് പെട്ടെന്നായിരിക്കും). എന്താണ് ചെയ്യേണ്ടതെന്നറിയാതെ ആദ്യം ഞങ്ങളൊന്നു പകച്ചു. തിരണ്ടിയെ പിടിക്കാന്‍ ശ്രമിക്കണമോ വേണ്ടയോ എന്ന ചിന്തയില്‍ ഞങ്ങള്‍ അസ്വസ്ഥരായി.തിരണ്ടി പതുക്കെ നീങ്ങുന്നുമുണ്ട്.

സൈതലവിയാണ് ഞങ്ങളുടെ സംഘത്തലവന്‍.സാഹസികമായ മീന്‍പിടുത്തത്തില്‍ നാട്ടിലും ഇവിടെയും ഏറെ പരിചയ സമ്പന്നനാണ് ഞങ്ങളുടെ നാട്ടുകാരന്‍ കൂടിയായ പറാട്ട് സൈതലവി. അവന്‍ നിര്‍ദ്ദേശിച്ചു:"രണ്ടാളുകള്‍ ഇരു ഭാഗത്തു നിന്നുമായി ശൂലം കൊണ്ട് ഒരേ സമയത്ത് കുത്തണം. എന്ത് സംഭവിച്ചാലും ശൂലത്തിന്റെ പിടി വിടരുത്". ഒരു വശത്ത് അവന്‍ നില്‍ക്കും, മറു വശത്ത് ആര് നില്‍ക്കുമെന്നതാണ് പ്രശ്നം. എല്ലാവരും മുഖത്തോടു മുഖം നോക്കി. മറ്റാരും തയ്യാറാവാത്തത് കൊണ്ട് ഇല്ലാത്ത ധൈര്യമവലംബിച്ചു ഒരു ഭാഗത്തു നില്‍ക്കാന്‍ ഈയുള്ളവന്‍ തയ്യാറായി (ഏത് ഭീരുവിനും ഒരു ദിവസമുണ്ടെന്നു ഇംഗ്ലീഷുകാരന്റെ പഴഞ്ചൊല്ലിനൊരു പാഠഭേദമാകാം).

ഒന്ന് ...രണ്ടു ....മൂന്നു...ശൂലങ്ങള്‍ ഒന്നിച്ചു തിരണ്ടിയില്‍ പതിച്ചു.വെള്ളത്തിനടിയില്‍ ഒരു പുളച്ചില്‍,വെള്ളം കലങ്ങി മറിഞ്ഞു. ഞങ്ങള്‍ കൂടുതല്‍ ജാഗ്രത്തായി, ഭീതി കലര്‍ന്നൊരു നിശ്ശബ്ദത ഞങ്ങളുടെ ഇടയില്‍ ഘനീഭവിച്ചു നിന്നു.

വലിയ തിരണ്ടികള്‍ അപകടകാരികളാണ്.ശത്രുവിന്റെ മുന്‍പില്‍ ചെന്ന് പെട്ടാല്‍ നീളം കൂടിയ വാലുപയോഗിച്ചു പ്രതിരോധിക്കുന്നതില്‍ ഏറെ പ്രാഗത്ഭ്യമുള്ള‍വര്‍.അത് കൊണ്ട് തന്നെ തിരണ്ടിയെക്കണ്ടാല്‍ അധികമാളുകളും ഒഴിവാക്കി വിടാറാണ് പതിവ്.മുതല വേട്ടക്കാരന്‍ എന്ന അപരനാമത്തില്‍ പ്രശസ്തനായ ഓസ്ട്രേലിയക്കാരന്‍ സ്റ്റീവ് ഇര്‍വിന്‍ ഒരു തിരണ്ടിയുടെ ആക്രമണത്തിലാണല്ലോ കൊല്ലപ്പെട്ടത്.

സര്‍വ്വ ശക്തിയുമുപയോഗിച്ച് ഞങ്ങള്‍ പിടിച്ചു നിന്നു; നീളം കൂടിയ ശൂലം കൊണ്ട് അകലെ നിന്നു കുത്തിയത് കൊണ്ട് തിരണ്ടിവാലിന്റെ അറ്റം ഞങ്ങളിലേക്കെത്തില്ലെന്ന ചെറിയ ആത്മ വിശ്വാസത്തില്‍. അര മണിക്കൂറോളം അതേ നില്പ്, വേണ്ടില്ലായിരുന്നു എന്ന തോന്നല്‍. പുലിവാല് പിടിച്ച പോലെ എന്ന് കേട്ടിട്ടേ ഉള്ളൂ,അതേ അവസ്ഥ.പിടിച്ചു നില്‍ക്കാനും വയ്യ, ഉപേക്ഷിച്ചു ഓടാനും വയ്യ. മുറിവേറ്റ തിരണ്ടിയുടെ ആക്രമണം എങ്ങനെയായിരിക്കുമെന്നത് പ്രവചനാതീതം.

നിലാവില്ലാത്ത രാത്രി. തണുത്ത കാറ്റ് വീശുന്നുണ്ട്. നിശാംബരത്തിനു കീഴില്‍ അനന്തമായി പരന്നു കിടക്കുന്ന കടലിന്റെ ഇരമ്പലിനിപ്പോള്‍ ഏതോ വന്യ ജീവിയുടെ മുരള്ച്ചയോടാണ് സാമ്യം. മനസ്സില്‍ ആധിയുടെ തിരയിളക്കം. ചുറ്റുപാടും ഒരു മനുഷ്യ ജീവിയുമില്ല. കരയിലേക്കെത്തണമെ‍ങ്കില് ഇരുപതു മിനിറ്റെങ്കിലും നടക്കണം. സാധാരണ മീന്പിടുത്തക്കാരായ ഫിലിപ്പിനോ ചെറുപ്പക്കാര്‍ വിദൂരസ്ഥ രായെങ്കിലുമുണ്ടാകും. ഇന്ന് അവരുമില്ല.

ഭൂമിയിലെ അജ്ഞാത തുരുത്തുകള്‍ തേടി പ്രാചീന കാലത്ത് പായക്കപ്പലില്‍ സമുദ്രങ്ങള്‍ക്ക് കുറുകെ യാത്ര ചെയ്ത മനുഷ്യര്‍ രക്തത്തില്‍ എത്ര മാത്രം സാഹസികത അലിഞ്ഞു ചേര്‍ന്നവരായിരുന്നിരിക്കണമെന്നു വെറുതെ ഓര്‍ത്തു പോയി.

എന്തെങ്കിലും ഒരു വടി കൂടി കിട്ടുമോ എന്നന്വേഷിച്ചു ചുറ്റുപാടും വെള്ളത്തില്‍ പരതി നടന്ന കബീര്‍ ഏതോ മീന്പിടിത്തക്കാരുപേക്ഷിച്ച് പോയൊരു ഇരുമ്പു വടിയുമായി മടങ്ങിയെത്തി. ഇപ്പോള്‍ വെള്ളം നന്നായി തെളിഞ്ഞിട്ടുണ്ട്.രണ്ടു ശൂലങ്ങളും തിരണ്ടിയുടെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ടെന്നു വ്യക്തമായി കാണാം. അവന്‍ ഇരുമ്പു വടി കൊണ്ട് തിരണ്ടിയുടെ വാല്‍ ശരീരത്തോടു ചേരുന്ന ഭാഗത്തു കുത്തി ഞെരുക്കാന്‍ തുടങ്ങി.ഒന്ന് പിടഞ്ഞ തിരണ്ടി ചടുലമായ വേഗതയില്‍ നാല് ഭാഗത്തേക്കും വാലൊന്നു ചുഴറ്റി,പിന്നെ പതുക്കെ തോല്‍വി സമ്മതിച്ചു. തിരണ്ടിയുടെ പ്രതിരോധം ഏതാണ്ട് അവസാനിച്ചെന്നു ബോധ്യപ്പെട്ടപ്പോഴാണ് ഞങ്ങള്‍ക്ക് ശ്വാസം നേരെ വീണത്‌. പതുക്കെ ശൂലങ്ങള്‍ പറിച്ചെടുത്തു. മൃതപ്രായനായ തിരണ്ടി ഒന്ന് കൂടി പിടഞ്ഞു, ക്രമേണ നിശ്ചലമായി. എല്ലാവരും ചേര്‍ന്ന് വെള്ളത്തിനു മുകളിലേക്കുയര്‍ത്തിയപ്പോള്‍ അവസാന ശ്വാസത്തിന്റെ നേരിയ ചലനം മാത്രം.

തിരണ്ടിയെയും വലിച്ചു കരയിലേക്ക് നടക്കുമ്പോള്‍ ആര്‍ക്കൊക്കെ വീതം വെയ്ച്ചു നല്‍കണമെന്നും എങ്ങനെയൊക്കെ പാകം ചെയ്യണമെന്നുമുള്ള ചര്‍ച്ചയിലായിരുന്നു ഞങ്ങള്‍. ‍ ‍ ‍

                                                  (മാധ്യമം)

7 comments:

  1. രാത്രി നേരം, കടല്‍, ക്ഷുദ്രജീവികള്‍ ഇവക്കിടയില്‍ മീന്‍പിടുത്തത്തിന്ന് ചെല്ലുന്നത് ശരിക്കും സാഹസികമായ ഏര്‍പ്പാടാണ്.

    ReplyDelete
  2. തിരണ്ടി വേട്ട അസ്സലായി.ഒരു ഫോട്ടോ കൂടി ആകാമായിരുന്നു.

    ReplyDelete
  3. രസകരമായ അനുഭവം. അടിപൊളി.....

    ReplyDelete
  4. നല്ല സാഹസിക അനുഭവം തന്നെ..

    ReplyDelete
  5. സാഹസികർക്ക് തിരണ്ടിവാലിന്റെ അടി കൊള്ളാത്തതിന്റെ അസുഖമാ
    കടലിലിറങ്ങിയൊരു കളിയെ , ഞമ്മക്ക് പേടിയാവുന്നു…….
    ങ്ങ്ഹാ…. തിരണ്ടിയായാലും കടലായാലും മീൻ പിടുത്തം ഉഗ്രൻ!!!!!

    ReplyDelete
  6. ബഷീര്‍, ഇവിടെ വരാന്‍ വൈകി. വായിക്കാനും
    ഒരു ദുരന്തത്തിന്റെ നേര്‍ചിത്രം സത്യ സന്തമായി വിവരിച്ചു. ഭാഷാ ശുദ്ധിയും ഒഴുക്കുള്ള അവതരണവും പോസ്റ്റിനെ മികവുറ്റതാക്കുന്നു. ജിദ്ദയില്‍ പെയിത ഒരു പെരുമഴയുടെയും അത് വിതച്ച നാശത്തിന്റെയും നേര്‍ക്കാഴ്ച വായനക്കാരുടെ മനസ്സിലെത്തിക്കാന്‍ ബഷീറിനു കഴിഞ്ഞു. ആശംസകള്‍

    ReplyDelete